കെട്ടിക്കിടക്കുന്ന ഫയലുകള്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമുള്ള ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ 79.8 ശതമാനം ഫയലുകള്‍ തീര്‍പ്പാക്കിയതായി ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു മാസ കാലത്തിനുള്ളില്‍ ഫയല്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേകം ടൈംടേബിള്‍ തയ്യാറാക്കി ഓരോ ആഴ്ചയിലും പുരോഗതി വിലയിരുത്തണം. കുറഞ്ഞ ഫയലുകള്‍ മാത്രം തീര്‍പ്പാക്കാനുള്ള വകുപ്പുകള്‍ അവ എത്രയും പെട്ടെന്ന് തീര്‍പ്പാക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
കെട്ടിക്കിടക്കുന്ന ഫയലുകളുടെ പട്ടിക ജില്ലാ കലക്ടറുടെ നിര്‍ദേശം പ്രകാരം തയ്യാറാക്കിയാണ് ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ റവന്യൂ വകുപ്പിന്റെ മേല്‍നോട്ടം കളക്ടറേറ്റും മറ്റു വകുപ്പുകളുടെ മേല്‍നോട്ടം ജില്ലാ പ്ലാനിംഗ് ഓഫീസുമാണ്. റവന്യൂ വകുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കിയതില്‍ രണ്ടാം സ്ഥാനം മലപ്പുറം ജില്ലയ്ക്കാണ്. കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കിയ വകുപ്പുകളെയും ജീവനക്കാരെയും ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു.

‘ഹര്‍ ഘര്‍ തിരംഗ’ വിപുലമായി ആഘോഷിക്കും

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ഓരോ വീട്ടിലും ദേശീയ പതാക ഉയര്‍ത്തി ദേശീയ പതാകയ്ക്ക് കൂടുതല്‍ ആദരവ് നല്‍കുന്നതിനും പൗരന്മാര്‍ക്ക് ദേശീയ പതാകയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനുമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ‘ഹര്‍ ഘര്‍ തിരംഗ’ (ഓരോ വീട്ടിലും ത്രിവര്‍ണപതാക) ജില്ലയില്‍ വിപുലമായി ആഘോഷിക്കുമെന്ന് എ.ഡി.എം മെഹറലി എന്‍.എം പറഞ്ഞു. ജില്ലയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂള്‍ കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മുഴുവന്‍ ജീവനക്കാരും ആഗസ്റ്റ് 15 ന് നിര്‍ബന്ധമായും ഓഫീസിലെത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കണം. പതാക ഉയര്‍ത്തുമ്പോള്‍ എല്ലാ ചട്ടങ്ങളും പാലിച്ച് സമുചിതമായി ആഘോഷിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.