ജില്ലയിലെ സ്‌കൂളുകളില്‍ വികസന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളില്‍ നടക്കുന്ന വിവിധ വികസന പദ്ധതികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മാസത്തിലൊരിക്കല്‍ പ്രത്യേക സന്ദര്‍ശനം നടത്തും. പത്താംക്ലാസ്, പ്ലസ്ടു ക്ലാസുകളിലെ വിജയശതമാനം ഉയര്‍ത്തുക, സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുക, ഗോത്രമേഖലയിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ എത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിനായി വിവിധ വകുപ്പുകള്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ജില്ലയിലെ 12 മുതല്‍ 14 വരെയുള്ള കുട്ടികളുടെ വാക്സിനേഷന്‍ ഫലപ്രദമായി തുടരുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക യോഗത്തില്‍ പറഞ്ഞു. വാക്‌സിനേഷന്‍ സെഷന്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി സെഷന്‍ വിവരങ്ങള്‍ മുന്‍കൂട്ടി വിദ്യാഭ്യാസ വകുപ്പിലേക്കും സ്‌കൂളുകളിലേക്കും ലഭ്യമാക്കുന്നുണ്ട്. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ സംയോജിത യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതായും ഡി.എം.ഒ അറിയിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കുന്ന കോവിഡ് കരുതല്‍ ഡോസ് സെപ്തംബര്‍ 30 വരെ മാത്രമേ സൗജന്യമായി ലഭിക്കൂവെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കൂടുതല്‍ ആളുകള്‍ കരുതല്‍ ഡോസ് സ്വീകരിക്കുന്നതിനായി കുടുംബശ്രീ വഴി പ്രചാരണം നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. പട്ടിക വര്‍ഗ്ഗ കോളനികളിലെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകള്‍ സംയോജിച്ച് പഞ്ചായത്ത് തലത്തില്‍ ഊരുമൂപ്പന്‍മാരുടെ സാന്നിദ്ധ്യത്തില്‍ എല്ലാ മാസവും യോഗം വിളിച്ച് ചേര്‍ക്കുന്നുണ്ടെന്ന് ഐ.ടി.ഡി.പി പ്രൊജക്ടര്‍ ഓഫീസര്‍ പറഞ്ഞു.
ജില്ലയിലെ സ്‌കൂളുകളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളില്‍ അടിയന്തിരമായി നിയമനം നടത്തണമെന്ന് പി. നന്ദകുമാര്‍ എം.എല്‍.എ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ സ്‌കൂളുകളുടെ അപര്യാപ്തകള്‍ പരിശോധിച്ച് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പി. ഉബൈദുല്ല എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. വൈദ്യുതി ലൈനിന് തടസ്സം സൃഷ്ടിക്കുന്ന മരച്ചില്ലകള്‍ വെട്ടി മാറ്റുമ്പോള്‍ അവ റോഡരികില്‍ തന്നെ ഉപേക്ഷിച്ച് പോവുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായും വൈദ്യുതി ബോര്‍ഡ് ഇക്കാര്യം ശ്രദ്ധിക്കണമെന്നും ടി.വി ഇബ്രാഹിം എം.എല്‍.എ പറഞ്ഞു. ദേശീയ പാത 66 നാലു വരിയാക്കുമ്പോള്‍ കുറ്റിപ്പുറം കഴുത്തല്ലൂര്‍, കിന്‍ഫ്ര ഭാഗങ്ങളിലുള്ളവര്‍ റോഡ് മുറിച്ചു കടക്കാന്‍ രണ്ടര കിലോമീറ്റര്‍ ചുറ്റി വരേണ്ട അവസ്ഥയുണ്ടാകുമെന്നും ഇവിടെ അണ്ടര്‍പാസ് നിര്‍മിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കലാലയങ്ങളില്‍ ലഹരി ഉപയോഗം കണ്ടെത്തി തടയുന്നതിനായി പൊലീസ്, എക്‌സൈസ് വകുപ്പുകള്‍ സംയുക്തമായി സ്‌പെഷ്യല്‍ ഡ്രൈവുകള്‍ നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനായി പ്രത്യേക കര്‍മസമിതി രൂപീകരിക്കും. ജില്ലാ വികസന സമിതി യോഗത്തില്‍ വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ ഹാജരാവാതിരുന്നതാല്‍ വകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.

എം.എല്‍.എമാരായ പി. നന്ദകുമാര്‍, ടി.വി ഇബ്രാഹിം, പി. ഉബൈദുല്ല, പി.അബ്ദുല്‍ ഹമീദ്, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, കുറുക്കോളി മൊയ്തീന്‍, അഡ്വ. യു.എ ലത്തീഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ മൂത്തേടം, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ബി ബാബു കുമാര്‍, പി.വി അബ്ദുള്‍ വഹാബ് എം.പിയുടെ പ്രതിനിധി അഡ്വ. പി അബുസിദ്ധീഖ്, രാഹുല്‍ ഗാന്ധി എം.പിയുടെ പ്രതിനിധി വി.എസ് ജോയി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.