മന്ത്രിമാരായ കെ.രാജനും വി അബ്ദുറഹിമാനും ഉദ്ഘാടനം നിര്‍വഹിക്കും

വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ രണ്ടു സുപ്രധാന പദ്ധതികളായ പള്ളിപ്പുറം വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രവും നായരമ്പലം ആയുര്‍വേദ ആശുപത്രിയുടെ കിടത്തി ചികിത്സ മന്ദിരവും ഓഗസ്റ്റ് നാലിന് നാടിനു സമര്‍പ്പിക്കും.

ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് 12നു വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രം(സൈക്ലോണ്‍ ഷെല്‍ട്ടര്‍) ഉദ്ഘാടനം ചെയ്യുന്നത് റവന്യു മന്ത്രി കെ.രാജനാണ്. അന്നുതന്നെ വൈകുന്നേരം 3.30നു നായരമ്പലം ആയുര്‍വേദ ആശുപത്രി ഐപി മന്ദിരോദ്ഘാടനം ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും. ഇരുചടങ്ങുകളിലും കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജന, രാഷ്ട്രീയ പാര്‍ട്ടി – സാമൂഹ്യ സംഘടന പ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും ഇരുചടങ്ങുകളിലും സന്നിഹിതരാകും. ഇരു പരിപാടികളും നേരത്തെ ഒരുങ്ങിയതാണെങ്കിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാലും മറ്റു സാങ്കേതിക കാരണങ്ങളാലുമാണ് നീണ്ടുപോയത്.

പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ എല്ലാവിധ അനുബന്ധ സജ്ജീകരണങ്ങളോടെയും ഒരുക്കിയ സൈക്ലോണ്‍ ഷെല്‍ട്ടറില്‍ മുന്നൂറിലേറെപ്പേര്‍ക്ക് അഭയം നല്‍കാന്‍ സൗകര്യമുണ്ട്. പള്ളിപ്പുറം വില്ലേജിന്റെ അധീനതയിലുള്ള റവന്യൂ ഭൂമിയില്‍ 5.17 കോടി രൂപ ചെലവിട്ടാണ് 3 നില കെട്ടിടം നിര്‍മ്മിച്ചത്. ഓരോ നിലയിലും ഹാള്‍, ശുചിമുറി, സിക്ക് റൂം എന്നിവയുണ്ട്. താഴത്തെ നിലയില്‍ അടുക്കള, ഇലക്ട്രിക്കല്‍ റൂം, ജനറേറ്റര്‍ റൂം എന്നിവയും. കൂടാതെ മഴവെള്ള സംഭരണിയും കുടിവെള്ള ടാങ്കും നിര്‍മിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് അപകടസാധ്യതാ ലഘൂകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അഭയകേന്ദ്രം ഒരുക്കിയത്. സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന അപകടസാധ്യത വ്യാപ്തി കുറയ്ക്കുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സമഗ്രമായ പദ്ധതിയാണ് ചുഴലിക്കാറ്റ് അപകടസാധ്യതലഘൂകരണ പദ്ധതി. കേന്ദ്ര സര്‍ക്കാരിന്റെയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടേയും ആഭിമുഖ്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ലോക ബാങ്കിന്റെ ധന സഹായത്തോടെയാണ് പദ്ധതിയുടെ നിര്‍വഹണം. തീരദേശ മണ്ഡലത്തിന് വലിയകൈത്താങ്ങും സമാശ്വാസവുമാണ് ഷെല്‍ട്ടര്‍.

നവീനവും വിപുലവുമായ സജ്ജീകരണങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നായരമ്പലം ആയുര്‍വേദ ആശുപത്രിയുടെ ഐപി മന്ദിരോദ്ഘാടനം മണ്ഡലത്തിനാകെ പ്രയോജനം ലഭിക്കും. ദിവസേന മുന്നൂറോളം പേര്‍ ചികിത്സയ്ക്കെത്തുന്ന ആതുരാലയത്തിന്റെ വികസനം മണ്ഡലത്തിലെ മുന്‍ഗണനാ പദ്ധതികളില്‍ ഒന്നാണ്. ഫിഷറീസ് വകുപ്പിന്റെ 2.15 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് തീരദേശ വികസന അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് മണ്ഡലത്തിന്റെ ആരോഗ്യക്ഷേമത്തില്‍ നാഴികക്കല്ലായ പുതിയ ഐപി ബ്ലോക്ക് നിര്‍മ്മിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന സൗകര്യവും മാനവശേഷി വികസനവും എന്ന പദ്ധതിയിലുള്‍പ്പെടുത്തി 577 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ രണ്ടുനില കെട്ടിടത്തിലാണ് ഐപി ബ്ലോക്ക് സാക്ഷാത്കരിച്ചത്. താഴത്തെ നിലയില്‍ 20 കിടക്കകള്‍ ഇടാവുന്ന സ്ത്രീകളുടെ വാര്‍ഡ്, ഡോക്ടറുടെയും നഴ്സുമാരുടെയും മുറികള്‍, പഞ്ചകര്‍മ്മ തെറാപ്പി മുറി, സ്റ്റോര്‍, ടോയ്ലറ്റുകള്‍ എന്നിവയുണ്ട്. 10 കിടക്കകള്‍ ഇടാവുന്ന ജനറല്‍ വാര്‍ഡ്, 4 പേ വാര്‍ഡുകള്‍, നഴ്സുമാരുടെ മുറി, യോഗ ഏരിയ, റിസര്‍ച്ച് റൂം, ലൈബ്രറി ഹാള്‍, റാംപ് എന്നിവ ഉള്‍പ്പെടുന്നതാണ് ഐപി ബ്ലോക്കിന്റെ മുകള്‍ നില. ആശുപത്രിക്കാവശ്യമായ ഫര്‍ണിച്ചറുകള്‍, മറ്റുപകരണങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജന യൂണിറ്റ് എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ട്. ഐപി ബ്ലോക്ക് നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും നിഷ്‌കര്‍ഷിക്കപ്പെട്ട ഗുണനിലവാരം തീരദേശ വികസന കോര്‍പ്പറേഷന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.