വയനാട് ജില്ലയില്‍ 50,074 പേര്‍ ആഗസ്റ്റ് 1 വരെ 18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്സിന്‍ കരുതല്‍ ഡോസ് (ബൂസ്റ്റര്‍ ഡോസ്) വാക്‌സിന്‍ സ്വീകരിച്ചു. ജില്ലയില്‍ 18 വയസ്സിന് മുകളിലുള്ള 6,91,401 പേര്‍ ഒന്നാം ഡോസും 6,12,023 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. ജൂലൈ 15 മുതലാണ് 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കിത്തുടങ്ങിയത്. 60 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമുള്ള കരുതല്‍ ഡോസ് വിതരണം മുമ്പെ നല്‍കിത്തുടങ്ങിയിരുന്നു. ബൂസ്റ്റര്‍ വിതരണവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, കോവിഡ് മുന്നണിപ്പോരാളികള്‍ എന്നിവര്‍ക്കുളള ബൂസ്റ്റര്‍ ഡോസ് വിതരണം കാര്യക്ഷമമാക്കുന്നതിനുളള കര്‍മ്മപദ്ധതി തയ്യാറാക്കി. ജില്ലയില്‍ കരുതല്‍ ഡോസ് വിതരണം കാര്യക്ഷമമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.