ജില്ലയില്‍ മഴ തീവ്രമാകുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) കൂടുതല്‍ സംഘങ്ങളെ ആവശ്യപ്പെടുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത ജില്ലാതല ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ എന്‍.ഡി.ആര്‍.എഫിന്റെ ഒരു സംഘം കട്ടപ്പനയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പീരുമേട്, ദേവികുളം എന്നിവിടങ്ങളിലേക്കും സേനയെ ആവശ്യപ്പെടും.

ഇടുക്കി – മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പുകളില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുമരാമത്ത് റോഡുകളിലെ തടസ്സങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്യുന്നുണ്ട്. ദേശീയ പാതകളിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ എന്‍. എച്ച് വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. ഇത് അടിയന്തിരമായി പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

രാത്രിയാത്രാ നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്ട്രോള്‍ റൂമുകള്‍ ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഫയര്‍ & റസ്‌ക്യൂ ഫോഴ്സിന്റെ എട്ട് ഓഫീസുകളിലായി 140 പേരോളം സേവനം ചെയ്യുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിന് വനംവകുപ്പ്, എക്സൈസ് വകുപ്പുകളിലെ പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ലഭിക്കാനാവുമോ എന്ന് പരിശോധിക്കും.

മൂവാറ്റുപുഴ അടക്കമുള്ള പുഴയോര മേഖലയിലെ ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് കൂടുതല്‍ വെള്ളം തുറന്ന് വിട്ട് വൈദ്യുതോല്‍പാദനം വര്‍ധിപ്പിക്കാനുള്ള കെ. എസ്. ഇ ബി തീരുമാനം പുനഃപരിശോധിക്കാന്‍ അവരോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ജില്ലാ സപ്ലൈ ഓഫീസ് ഉറപ്പ് വരുത്തണം. ആരോഗ്യവകുപ്പിന്റെ സേവനം ഉറപ്പാക്കാന്‍ ഡി. എം. ഒ യോടും മന്ത്രി നിര്‍ദേശിച്ചു. ലയങ്ങളുടെ അവസ്ഥ പരിശോധിക്കാന്‍ തഹസീല്‍ദാര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.

ദുരന്ത നിവാരണത്തിന് ഓരോ താലൂക്കിലും ഡെപ്യൂട്ടി കളക്ടര്‍മാരെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള സ്ഥലങ്ങള്‍ നേരത്തേ കണ്ടെത്തി വെക്കണമെന്നും മന്ത്രി പറഞ്ഞു. ആഗസ്റ്റ് 3, 4 തീയതികളിലായി ജില്ലയിലെ അഞ്ചു താലൂക്കുകളിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എം.എല്‍.എ. മാരുടെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗങ്ങള്‍ ചേരാന്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചു.

ജില്ലയിലെ നിലവിലെ സ്ഥിതിഗതികള്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് വിശദീകരിച്ചു. മഴക്കെടുതിയില്‍ ഇതുവരെ ജില്ലയില്‍ 6 പേര്‍ മരണപ്പെട്ടു. 11 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 120 ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിലവില്‍ ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കൊക്കയാര്‍, പെരുവന്താനം, കട്ടപ്പന, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ തുറന്ന ക്യാമ്പുകളില്‍ 41 കുടുംബങ്ങളിലെ 115 പേര്‍ കഴിയുന്നുണ്ട്. മഴക്കെടുതികള്‍ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ജില്ലയില്‍ നടത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അടിയന്തര സാഹചര്യ പരിഗണിച്ച് ജില്ലയില്‍ നാല് സബ് ഡിവിഷനുകളിലായി കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിയും അറിയിച്ചു.

ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എ. മാരായ എം.എം. മണി, വാഴൂര്‍ സോമന്‍, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ് തുടങ്ങിയവര്‍ യോഗത്തില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവെച്ചു. തഹസീല്‍ദാര്‍മാര്‍, വിവിധ വകുപ്പ്തല മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.