വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ അടൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിക്കുന്നതിനും ഓരോ തദ്ദേശസ്ഥാപനത്തിലും രണ്ട് ക്യാമ്പുകള്‍ ആരംഭിക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കാനും തീരുമാനിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് അടൂര്‍ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യുട്ടി സ്പീക്കര്‍.
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ ആളുകളെ മാറ്റുന്നതിന് പഞ്ചായത്തുകളില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തും. റോഡുകളുടെ ഓടകള്‍ തെളിച്ച് വെള്ളം ഒഴുക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. അച്ചന്‍കോവില്‍, കല്ലട നദികളുടെ തീരങ്ങള്‍ കെട്ടി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് മേജര്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി. ഈ നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവരെ അവിടെ നിന്നും മാറ്റി പാര്‍പ്പിക്കാനും തീരുമാനിച്ചു.
വെള്ളപ്പൊക്കം ഉണ്ടായാല്‍ അവിടെ രക്ഷാപ്രവര്‍ത്തനത്തിന് ഡിങ്കി ബോട്ട് സജ്ജീകരിക്കും. ഒപ്പം സ്പീഡ് ബോട്ട് തയാറാക്കാന്‍ നിര്‍ദേശം നല്‍കും. പോലീസ്, തദ്ദേശസ്വയംഭരണം, ഫയര്‍ഫോഴ്സ്, റവന്യൂ വകുപ്പുകള്‍ യോജിച്ച് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. അടൂര്‍ നഗരസഭയില്‍ ക്യാമ്പ് തുടങ്ങുന്നതിന് ആവശ്യമായ നിര്‍ദേശം നല്കി. പന്തളത്ത് നിലവില്‍ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്തുള്ളവരെ മാറ്റി പാര്‍പ്പിക്കുന്നതിന് വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. ഫയര്‍ഫോഴ്സും പോലീസും അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നതിന് നിര്‍ദേശം നല്കി.