കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതില്‍ മാവേലി സറ്റോറുകള്‍ ഫലപ്രദമാണെന്നും സ്‌പ്ലൈകോയുടെ ഇത്തരം സ്ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ ജനങ്ങളുടെ സഹകരണം കൂടിയേ തീരുവെന്നും ഭക്ഷ്യ പൊതുവിതരണമന്ത്രി ജി ആര്‍ അനില്‍. കരുമത്ത് ആരംഭിച്ച സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറിന്റെ പ്രവര്‍ത്തനോദ്ഘടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കരുമത്ത് അനുവദിക്കപ്പെട്ട മാവേലി സൂപ്പര്‍ സ്റ്റോര്‍ നന്നായി നടത്താന്‍ പിന്തുണ നല്‍കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി.
ഓണക്കിറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ആഗസ്റ്റ് പത്തോടെ വിതരണം ആരംഭിക്കുമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഓണത്തിന് മുന്‍പ് തന്നെ എല്ലാവരും കിറ്റ് വാങ്ങണമെന്നും മന്ത്രി. വികസനകാര്യത്തില്‍ സര്‍ക്കാരിന് മറ്റ് താല്‍പര്യങ്ങളില്ലെന്നും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുക എന്നത് മാത്രമാണ് പരിഗണനയെന്നും ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. തന്റെ മണ്ഡലമായ നേമത്തെ വികസപ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി ജി ആര്‍ അനില്‍ വലിയ പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂപ്പര്‍ സ്റ്റോറിലെ ആദ്യവില്‍പന ഇരുമന്ത്രിമാരും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ എസ് കെ ശ്രീദേവി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.