ആലപ്പുഴ:പ്രതികൂല കാലാവസ്ഥയും ആറ്റിലെ ഒഴുക്കും മഴയും മൂലം പ്രതിസന്ധി നേരിട്ട ചെങ്ങന്നൂരിലെ രക്ഷാപ്രവർത്തനം വെള്ളിയാഴ്ച  നേരം പുലർന്നതോടെ ഊർജ്ജിതമായി. കൊടിക്കുന്നിൽ സുരേഷ് എം.പി., സജി ചെറിയാൻ  എം.എൽ.എ,  അഡിഷണൽ ജില്ലാ മജിസ്ട്രേറ്ര്, ദുരന്തനിവാരണ ഡെപ്യൂട്ടികളക്ടർ എന്നിവരുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ താലൂക്ക് ഓഫീസിൽ കൺട്രോൾ റൂം സജ്ജമാക്കിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
41 മത്സ്യത്തൊഴിലാളി ബോട്ടുകൾ സക്രീയമായി ചെങ്ങന്നൂരിൽ വെള്ളക്കെട്ടിലകപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നതിന് രാവിലെ മുതൽ രംഗത്തുണ്ടായിരുന്നു. കൊല്ലത്തുനിന്നുള്ള മത്സ്യത്തൊഴിലാളികളുടെ ബോട്ടും എത്തി. ആവശ്യമായ അധികം ബോട്ടുകൾ ചള്ളിയുൾപ്പടെയുള്ള കടപ്പുറത്തുനിന്നും ഇവിടെ എത്തിക്കാനുള്ള ശ്രമം നടത്തുന്നതായി മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ പറഞ്ഞു. ജില്ലാ ഭരണകൂടം ഇടപെട്ട് കൂടുതൽ വള്ളങ്ങൾ ചെങ്ങന്നൂരിൽ എത്തിക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ 19  വള്ളങ്ങൾ കൂടി ചെങ്ങന്നൂർക്ക് അനുവദിച്ചു.