ജില്ലയിലെ വീടുകളിലും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമായി 87000 ദേശീയ പതാകകള്‍ ജില്ലയിലൊരുങ്ങുന്നു. ജില്ലയിലെ 20 കുടുംബശ്രീ യൂണിറ്റുകളിലായാണ് പതാക നിര്‍മ്മാണം പുരോഗമിക്കുന്നത്. ഏഴ് വ്യതസ്ത അളുവുകളിലാണ് ഫ്‌ളാഗ് കോഡ് മാനദമണ്ഡ പ്രകാരം 3:2 അനുപാതത്തില്‍ പതാക നിര്‍മ്മിക്കുന്നത്. 20 മുതല്‍ 40 രൂപവരെയാണ് പതാക ഒന്നിന് വില ഈടാക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആവശ്യമുള്ള പതാകകള്‍ വിദ്യാലയ അധികൃതരും വിദ്യാര്‍ത്ഥികളില്ലാത്ത വീടുകളിലേക്ക് ആവശ്യമായ പതാകകളുടെ എണ്ണം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അറിയിക്കുന്നതിന് അനുസരിച്ച് ജില്ല കുടുംബശ്രീ മിഷന്‍ പതാകകള്‍ നല്‍കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കാണ് പതാക നിര്‍മ്മാണത്തിന്റെയും വിതരണത്തിന്റെയും ഏകോപനത്തിന്റെയും ചുമതല. ആവശ്യത്തിന് അനുസരിച്ച് പ്രതിദിനം ഒരാള്‍ നൂറ് പതാകകള്‍ വരെ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ മുന്നേറുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കുടുബശ്രീയുടെ നേതൃത്വത്തില്‍ തന്നെ പതാക വിതരണം തുടങ്ങും. ആഗസ്റ്റ് പത്തിനകം ജില്ലയ്ക്ക് ആവശ്യമുള്ള പതാകകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് കുടുംബശ്രീ അധികൃതര്‍ പറയുന്നത്. ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍, കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ ഹര്‍ ഘര്‍ തിരംഗ് ആഘോഷത്തിന്റെ ഭാഗമാകും.

ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ പതിനായിരക്കണക്കിന് കുടുംബശ്രീ അംഗങ്ങളുടെ വീടുകളിലും ദേശീയ പതാക ഉയര്‍ത്തും. ദേശീയ പതാകയ്ക്ക് ആദരം നല്‍കുന്നതോടൊപ്പം പൗരന്‍മാര്‍ക്ക് ദേശീയ പതാകയോട് വൈകാരിക ബന്ധം വളര്‍ത്തുന്നതിനും ദേശീയോദ്ഗ്രഥനത്തിന് പ്രചോദനം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് ഹര്‍ ഘര്‍ തിരംഗ് ദേശീയാടിസ്ഥാനത്തില്‍ ആചരിക്കുന്നത്.