ഇടുക്കി ജില്ലയില്‍ കാലവര്‍ഷം അതിശക്തമായി തുടരുന്നതിനാലും ഇടുക്കി ഡാം റെഡ് അലെര്‍ട്ട് ലെവല്‍ എത്തുകയും ചെയ്തിരിക്കുകയാണ്. കൂടാതെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി കൂടുതല്‍ ജലം ഘട്ടം ഘട്ടമായി സ്പില്‍വേയിലൂടെ പുറത്തേക്ക് ഒഴുക്കുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കേണ്ടത് കണക്കിലെടുത്ത് പൊതു അവധി ദിവസങ്ങളായ ആഗസ്റ്റ് 07, 09 തീയതികളില്‍ ജില്ലയിലെ മുഴുവന്‍ റവന്യൂ ഓഫീസുകളിലെയും, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാരും ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിട്ടുപോകാന്‍ പാടില്ലായെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു
ക്യാമ്പുകളുടെ ചുമതലയുളള ജീവനക്കാര്‍, വില്ലേജ് ആഫീസര്‍മാര്‍, ഓഫീസ് മേധാവിമാര്‍, താലൂക്ക് വില്ലേജ് തല ചാര്‍ജ്ജ് ഓഫീസര്‍മാര്‍ എന്നിവര്‍ നിര്‍ബന്ധമായും ഡ്യൂട്ടിക്ക് ഹാജരാകണം. എല്ലാ ഓഫീസുകളും അടിയന്തര ആവശ്യങ്ങള്‍ക്ക് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് തുറന്നു പ്രവര്‍ത്തിക്കണം. അടിയന്തര ഘട്ടങ്ങളില്‍ അവരവരുടെ റവന്യൂ അധികാര വകുപ്പുകളിലെ ജീവനക്കാരെ വിന്യസിച്ച് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ബന്ധപ്പെട്ട സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍/ തഹസില്‍ദാര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.