സംസ്ഥാനത്തെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ കലാ കരകൗശലമേള സംസ്ഥാന ബാലാവകാശ കമ്മീഷൻ സംഘടിപ്പിക്കും. ഓഗസ്റ്റ് 7 നു ആരംഭിക്കുന്ന മേള  തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻമാസ്റ്റർ ഉദ്ഘാടനം ചെയ്യും. വി.കെ. പ്രശാന്ത്  എം എൽ എ അധ്യക്ഷനായിരിക്കും. ഫെസ്റ്റ് ഓഫ് ഹാപ്പിനെസ്സ് എന്ന പേരിൽ സംഘടിപ്പിക്കുന്ന മേളയുടെ സന്ദേശം മെസ്സേജ് ടു  സൊസൈറ്റി എന്നതാണ്.
നൂറോളം സർക്കാർ, സർക്കാരിതര ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് കലാ കരകൗശല മേളയിൽ പങ്കെടുക്കുന്നത്. ഓരോ ജില്ലകളിൽ നിന്നും 20 കുട്ടികൾ വീതവും  തിരുവനന്തപുരം ജില്ലയിൽ നിന്ന്  നൂറു കുട്ടികളുമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് സമൂഹത്തിൽ കമ്മീഷൻ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് മേള സംഘടിപ്പിക്കുന്നതെന്ന് ബാലാവകാശ കമ്മീഷൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. മേളയുടെ ആദ്യ ദിനം മജീഷ്യൻ  ഗോപിനാഥ് മുതുകാട്, ജി.എസ്. പ്രദീപ് തുടങ്ങി കലാസാംസ്‌കാരിക കായിക രംഗങ്ങളിലെ പ്രമുഖർ കുട്ടികളുമായി സംവദിക്കും. ഓഗസ്റ്റ് എട്ടിന്  നടക്കുന്ന  കുട്ടികളുമായുള്ള സംവാദത്തിൽ തിരുവനന്തപുരം മേയർ  ആര്യ രാജേന്ദ്രൻ,  ഐ.എം.ജി ഡയറക്ടർ  കെ. ജയകുമാർ, ചിത്രകാരൻ ബോസ് കൃഷ്ണമാചാരി തുടങ്ങിയവർ പങ്കെടുക്കും. മേളയുടെ സമാപന സമ്മേളനം ഓഗസ്റ്റ് 8  വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ, ശിശുക്ഷേമ  വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും. കുട്ടികളുടെ കര കൗശല ഉൽപ്പന്ന പ്രദർശനത്തിനായി പ്രത്യേക സ്റ്റാളുകളും ബാലാവകാശങ്ങൾ സംരക്ഷിക്കുന്നത്തിന്  ചുമതലപ്പെട്ട വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും  പ്രദർശനവും  ഒരുക്കിയിട്ടുണ്ട്.