1. മൂന്നാര്‍ ചെണ്ടുവരൈ എസ്റ്റേറ്റ് പുതുക്കടി ഡിവിഷനില്‍ ഉരുള്‍ പൊട്ടല്‍; മൂന്നാര്‍ വട്ടവട റോഡില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രിയോടെയായിരുന്നു മൂന്നാര്‍ ചെണ്ടുവരെ എസ്റ്റേറ്റില്‍ പുതുക്കടി ഡിവിഷനില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മലമുകളില്‍ നിന്നും ഉരുള്‍പൊട്ടി താഴ്ഭാഗത്തേക്ക് ഒഴുകിയെത്തി. എസ്റ്റേറ്റ് ലയങ്ങള്‍ക്ക് സമീപം മൂന്നാര്‍ വട്ടവട റോഡില്‍ വരെയെത്തിയ കൂറ്റന്‍ പാറക്കല്ലുകളും ചെളിയും മണ്ണും മരങ്ങളുമൊക്കെ പിന്നീട് മുമ്പോട്ട് പോകാതെ തങ്ങിനിന്നതിനാല്‍ വലിയ ദുരന്തമൊഴിവായി.
    ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് സമീപത്തെ ലയങ്ങളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വേണ്ട ജാഗ്രതാ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളതായി അഡ്വ.എ രാജ എം എല്‍ എ പറഞ്ഞു.
    കല്ലും മണ്ണും ചെളിയും വന്നടിഞ്ഞതോടെ മൂന്നാര്‍ വട്ടവട റോഡിലൂടെയുള്ള ഗതാഗതം നിലച്ചു. ഉരുള്‍പൊട്ടിയെത്തിയ കല്ലും മണ്ണും ചെളിയും നീക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്തുണ്ടായിരുന്ന മൂന്നോളം കടകളും ഒരു ക്ഷേത്രവും ഉരുള്‍പ്പൊട്ടലില്‍ നശിച്ചു. പ്രദേശത്ത് വീശുന്ന കാറ്റും ഇടക്കിടെ പെയ്യുന്ന മഴയും മൂന്നാര്‍ വട്ടവട റോഡില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം ദുഷ്‌ക്കരമാക്കുന്നുണ്ട്. ഉരുള്‍ പൊട്ടിയിറങ്ങിയ ഭാഗത്ത്കൂടി ശക്തമായ വെള്ളമൊഴുക്ക് തുടരുന്നുണ്ട്. നൂറ്റമ്പതോളം കുടുംബങ്ങളാണ് പുതുക്കടി ഡിവിഷനില്‍ താമസക്കാരായുള്ളത്.