മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ അധിക അളവിൽ ഉയർത്തി പെരിയാർ നദിയിലേക്ക് ജലമൊഴുക്ക് വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും തീരദേശ മേഖലകളിലെ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് അധികൃതർ അറിയിച്ചു. വണ്ടിപ്പെരിയാർ വള്ളക്കടവ് തീരദേശ മേഖലകളിലാണ് വെള്ളം കയറുമെന്ന സംശയമുള്ളത്.

കഴിഞ്ഞ ഒരാഴ്ച്ചയായി പെയ്തു വരുന്ന ശക്തമായ മഴയെ തുടർന്ന് മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ റൂൾ കർവ് പ്രകാരമുള്ള ജലനിരപ്പ് നിലനിർത്തുന്നതിനാണ് അധിക ജലം പെരിയാർ നദിയിലൂടെ ഒഴുക്കിവിടാനുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ മൂന്നു ദിവസമായി നടത്തി വരുന്നത്. 10 ഷട്ടറുകളും 30 സെ.മീ. ആണ് ആദ്യം ഉയർത്തിയിരുന്നത്. പിന്നീട് ഇത് 60 സെ.മീ. ആക്കി. തിങ്കളാഴ്ച രാവിലെ 10 മണി മുതൽ എല്ലാ ഷട്ടറുകളും 60 സെ.മീ. ഉയർത്തി 4957.00 ക്യുസെക്സ് ജലം പുറത്തു വിടുന്ന സാഹചര്യമാണുള്ളത്. പെരിയാർ നദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വള്ളക്കടവിൽ വീടുകളിൽ വെള്ളം കയറിയ സ്ഥലങ്ങൾ വാഴൂർ സോമൻ എംഎൽഎ സന്ദർശിച്ചു. കൂടുതൽ വിടുകളിലേക്ക് വെള്ളം കയറുന്നതോടെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് തീരദേശവാസികളെ മാറ്റുന്നതിനുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും വാഴൂർ സോമൻ എംഎൽഎ, ഇടുക്കി ആർഡിഒ എംകെ ഷാജി എന്നിവർ തീരദേശ മേഖലകളിൽ സന്ദർശനം നടത്തി ജനങ്ങളോട് അഭ്യർത്ഥിച്ചു.

ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെങ്കിലും നിലവിൽ ആരും ക്യാമ്പുകളിലേക്ക് മാറിയിട്ടില്ല. എല്ലാവരും തന്നെ ബന്ധുവീടുകളിലേക്കാണ് നിലവിൽ മാറിയിട്ടുള്ളത്. എന്നാൽ വെള്ളം കയറുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയേക്കും. എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയതായി പീരുമേട് തഹസിൽദാർ കെ എസ് വിജയലാലും അറിയിച്ചു.

വൃഷ്ടി പ്രേദേശങ്ങളിൽ മഴ തുടരുകയും ഡാമിൽ നിന്നുമുള്ള ജലം കൂടുതലായി പുറത്തുവിടുകയും ചെയ്യുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുന്നത് തള്ളിക്കളയാനാകില്ല. അതിനാൽ കനത്ത ജാഗ്രതയിൽ എല്ലാവിധ മുന്നൊരുക്കങ്ങളുമായി പൂർണ്ണ സജ്ജരാണ് ജില്ലാ ഭരണകൂടം. വണ്ടിപ്പെരിയാർ വള്ളക്കടവ് ഗവ: ട്രൈബൽ ഹൈസ്കൂളിലും വണ്ടിപ്പെരിയാർ ഗവ: യുപി സ്കൂളിലുമുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ സജീകരിച്ചിരിക്കുന്നത്. റവന്യു, എൻഡിആർഎഫ് സംഘങ്ങൾ തീരദേശ മേഖലകളിൽ ക്യാമ്പ് ചെയ്യുന്നുമുണ്ട്.