അടിമാലി കുമളി ദേശിയപാതയില്‍ കല്ലാര്‍കുട്ടിക്കും പനംകുട്ടിക്കും ഇടയില്‍ വെള്ളക്കുത്ത് ഭാഗത്ത് കൂടിയുള്ള ഗതാഗതം പുനസ്ഥാപിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ദേശിയപാതയോര മിടിഞ്ഞതോടെയായിരുന്നു ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചത്. ഇടിഞ്ഞ് പോയ ഭാഗത്ത് കല്ലിട്ട് താല്‍ക്കാലികമായി റോഡ് നിര്‍മ്മിച്ചാണ് വാഹനങ്ങള്‍ ഒറ്റവരിയായി ഇതു വഴി കടത്തി വിടുന്നത്. ഓഗസ്റ്റ് നാലിന് വൈകിട്ടോടെയായിരുന്നു പാതയോരമിടിഞ്ഞ് ഇതുവഴിയുള്ള ഗതാഗതം നിലച്ചത്. 2018ലെ പ്രളയത്തില്‍ ഈ ഭാഗം ഇടിഞ്ഞ് പോകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇടിഞ്ഞ് പോയ ഭാഗത്ത് കരിങ്കല്ലടുക്കി റോഡ് പുനര്‍നിര്‍മ്മിക്കുകയും ടൈല്‍ വിരിച്ച് ഇവിടം ഗതാഗതയോഗ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ കല്ലാര്‍കുട്ടി അണക്കെട്ട് തുറന്നതോടെ മുതിരപ്പുഴയാറ്റില്‍ ജലനിരപ്പുയരുകയും ശക്തമായ വെള്ളമൊഴുക്കുണ്ടായതോടെ പാതയോരം വീണ്ടും ഇടിയുകയുമാണ് ഉണ്ടായത്.
