ജില്ലയില്‍ മഴ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍  പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, വായു ജന്യ രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ കരുതല്‍ വേണം.  എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, വൈറല്‍ പനി എന്നിവയാണ് പ്രളയാനുബന്ധമായി കണ്ടു വരുന്ന രോഗങ്ങള്‍. കോവിഡ് കേസുകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ക്യാമ്പുകളില്‍ കഴിയുന്ന പ്രായമായവരും അനുബന്ധ രോഗമുളളവരും പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം.

എലിപ്പനി
മണ്ണുമായോ, മലിന ജലവുമായോ സമ്പര്‍ക്കത്തില്‍ വന്നവര്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ തുടരുന്നവര്‍, ദുരിതാശ്വാസ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ കഴിക്കേണ്ടതാണ്.  മലിന ജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി 6 ആഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്‌സി സൈക്ലിന്‍ ഗുളിക 200 മി.ഗ്രാം (100 മി.ഗ്രാമിന്റെ രണ്ട് ഗുളിക വീതം) കഴിച്ചിരിക്കണം.  ആരംഭത്തില്‍ എലിപ്പനി കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും.

കൊതുകുജന്യ രോഗങ്ങള്‍
ഡെങ്കിപ്പനി, മലമ്പനി, വെസ്റ്റ് നൈല്‍ ഫീവര്‍ മുതലായ കൊതുകുജന്യ രോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ വെളളം കെട്ടി നിന്ന് കൊതുക് വളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.  കൊതുകിന്റെ ഉറവിടങ്ങള്‍ ആഴ്ചയില്‍ ഒരിക്കല്‍ നിരീക്ഷിച്ച് നശിപ്പിക്കണം.

വായുജന്യ രോഗങ്ങള്‍
കോവിഡ്, എച്ച്1എന്‍1, വൈറല്‍ പനി, ചിക്കന്‍ പോക്‌സ് തുടങ്ങിയ വായു ജന്യ രോഗങ്ങള്‍ക്കെതിരെയും കരുതല്‍ വേണം. മാസ്‌ക് ശരിയായ വിധം ധരിക്കാനും കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകാനും ശ്രദ്ധിക്കണം.

ജലജന്യ രോഗങ്ങള്‍
വയറിളക്കം, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം മുതലായ ജലജന്യ രോഗങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം.  വ്യക്തി ശുചിത്വം പാലിക്കണം. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക.  വയറിളക്കം വന്നാല്‍ ഒ.ആര്‍.എസ് ലായനി ആവശ്യാനുസരണം നല്‍കുക. നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണം,  പ്രളയബാധിത പ്രദേശങ്ങളിലെ കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയിതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.

പാമ്പുകടിയും വൈദ്യുതാഘാതവും
വെളളമിറങ്ങുന്ന സമയത്ത് പാമ്പുകടിയേല്‍ക്കാനുളള സാധ്യത കൂടുതലാണ്.  പ്രഥമ ശുശ്രൂഷ നല്‍കിയശേഷം എത്രയും വേഗം ആശുപത്രിയിലെത്തിക്കുക. വീട് ശുചീകരിക്കാന്‍ പോകുന്നവര്‍ വൈദ്യുതാഘാതം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ ചര്‍മ്മരോഗങ്ങള്‍, ചെവിയിലുണ്ടാകുന്ന അണുബാധ, ചെങ്കണ്ണ് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാനുളള സാധ്യത ഉളളതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കണം.

മങ്കി പോക്‌സ്- ജാഗ്രത തുടരണം
ജില്ലയിലെത്തുന്ന രാജ്യാന്തര യാത്രക്കാര്‍ മൂന്നാഴ്ച സ്വയം നിരീക്ഷണത്തില്‍ തുടരുകയും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും വേണം.