കെ.എസ്.ആർ.ടി.സി ബസുകളിൽ എല്ലാ വിഭാഗം ഭിന്നശേഷിക്കാർക്ക് സൗജന്യം ലഭിക്കുന്നതിനു വരുമാന പരിധി, മറ്റു ഭിന്നശേഷി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഒരു ലക്ഷം രൂപയായി ഉയർത്തി നിശ്ചയിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്. എച്ച്. പഞ്ചാപകേശൻ ഗതാഗത വകുപ്പ് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി. ഇപ്പോഴത്തെ വാർഷിക വരുമാന പരിധി 15,000 രൂപ വർഷങ്ങൾക്കു മുൻപ് നിശ്ചയിച്ചതാണെന്നും, സർക്കാരിൽ നിന്നു ലഭിക്കുന്ന വിവിധ ക്ഷേമ പദ്ധതി ആനുകൂല്യങ്ങളുടെ വരുമാന പരിധി വർദ്ധിപ്പിച്ചിട്ടും, യാത്രാ സൗജന്യം അനുവദിക്കുന്നതിനുള്ള വരുമാന പരിധി മാത്രം ഇതുവരെയും വർദ്ധിപ്പിക്കാതിരിക്കുന്നത് ഭിന്നശേഷി വിഭാഗക്കാർക്ക് വളരെയേറെ കഷ്ടനഷ്ടങ്ങൾക്ക് കാരണമാകുമെന്നും, ചികിത്സാ സംബന്ധമായി  യാത്ര ചെയ്യേണ്ടി വരുന്ന ഭിന്നശേഷിക്കാരുടെ കാര്യത്തിൽ സൗജന്യ യാത്ര സംബന്ധിച്ച് ദൂരപരിധി ഒഴിവാക്കണമെന്നും കമ്മിഷണർ നിർദ്ദേശിച്ചു.