ഓൺലൈൻ ഷോപ്പിംഗിനായി നവയുഗ ബസാർ (Navayuga Bazaar)

ഓൺലൈൻ ഷോപ്പിംഗിനായി മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കി ആളൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റ്. ജില്ലയിലെ ആദ്യ സംരംഭമാണിത്. പഞ്ചായത്തിലെ 17 -ാം വാർഡായ കല്ലേറ്റുംകരയിലാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.
കല്ലേറ്റുംകര സർവീസ് സൊസൈറ്റിയിൽ നിന്നും 10 ലക്ഷം രൂപ വായ്പ എടുത്താണ് കുടുംബശ്രീ നവയുഗ യൂണിറ്റിലെ അഞ്ച് അംഗങ്ങൾ ചേർന്ന് പദ്ധതിക്ക് തുടക്കമിട്ടത്. 2 ലക്ഷം രൂപ സബ്സിഡിയായി പഞ്ചായത്ത് നൽകും.ജില്ല പഞ്ചായത്താണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്. രാവിലെ 9.30 മുതൽ വൈകിട്ട് 9.30 വരെയാണ് പ്രവർത്തന സമയം.

ഗ്രോസറി, സ്റ്റേഷനറി, വസ്ത്രങ്ങൾ എന്നിവ ആപ്പ് മുഖേനെ ഓർഡർ സ്വീകരിച്ച്എത്തിച്ചു നൽകുന്നു. 10 കിലോമീറ്ററിനുള്ളിലുളളവർക്കാണ് സൗകര്യം. ഉപഭോക്താക്കൾ രണ്ട് കിലോമീറ്ററിനുള്ളിലാണെങ്കിൽ സൗജന്യ ഡെലിവറിയും നൽകുന്നു. കുടുംബശ്രീ അംഗങ്ങൾ തന്നെയാണ് വിതരണവും. .

ഭാവിയിൽ പഞ്ചായത്തിലുളള കൂടുതൽ വ്യാപാര സ്ഥാപനങ്ങളെ ഈ ആപ്പിൽ ചേർക്കുവാനും പ്രവർത്തന സമയവും അംഗങ്ങളുടെ എണ്ണവും വർദ്ധിപ്പിക്കുവാനും ഉദ്ദേശിക്കുന്നുണ്ടെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന ശരണ്യ ബ്രിജിൻ പറയുന്നു.

ഈ സംരംഭത്തിലൂടെ കൂടുതൽ കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ പ്രദാനം ചെയ്യാനാകും. സാധനസാമഗ്രികൾ വീട്ടുപടിക്കൽ എത്തുന്നത് ജോലി തിരക്കിനിടയിൽ കുടുംബങ്ങൾക്ക് ആശ്വാസമാകും.