കാട്ടാനക്കൂട്ടം നാശനഷ്ടങ്ങളുണ്ടാക്കിയ വാഴാനി ഡാമിനോട് ചേർന്ന ജനവാസ മേഖല സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ സന്ദർശിച്ചു.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കാട്ടാനശല്യം ഉണ്ടായതിനെത്തുടർന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വന സംരക്ഷണ സമിതി അംഗങ്ങൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗം ചേർന്ന് നടപടികൾ സ്വീകരിച്ചിരുന്നു. വാഴാനി – പീച്ചി വനമേഖലകളെ വേർതിരിക്കുന്ന കുതിരാൻ മേഖലയിൽ സോളാർ ഫെൻസ് സ്ഥാപിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് ഏപ്രിൽ മാസത്തിലെ യോഗത്തിൻ്റെ തീരുമാന പ്രകാരം തയ്യാറാക്കി അംഗീകാരം നേടിയിട്ടുണ്ട്. പ്രദേശവാസികൾക്ക് ബോധവത്കരണ പരിപാടികൾ നടത്തും. വനം വകുപ്പും വന സംരക്ഷണ സമിതികളും ഇതിന് നേതൃത്വം നൽകണം. കാട്ടാന ശല്യം പ്രകടമാകുന്ന പ്രദേശങ്ങളിൽ ഗ്രാമസഭകൾ അടിയന്തിരമായി വിളച്ചു ചേർത്ത് ബോധവൽക്കരണ പരിപാടികൾ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വന സംരക്ഷണ സമിതി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ നടത്തണം. ഇതിനായി ബന്ധപ്പെട്ട വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ മേൽപ്പറഞ്ഞവരെ ഉൾപ്പെടുത്തി വാർഡ് തല ജാഗ്രതാ സമിതികൾ രൂപീകരിച്ച് വാട്സാപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നും എം എൽ എ നിർദ്ദേശിച്ചു.
ജനവാസ മേഖലകളിലിറങ്ങുന്ന ആനകളെ വനത്തിലേക്ക് തിരിച്ചയക്കുന്നതിനായി ആർ ആർ ടി രൂപീകരിച്ചിട്ടുണ്ട്. ഈ ടീമിൻ്റെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എം എൽ എ നിർദ്ദേശം നൽകി. ഡി എഫ് ഓ യുടെ നേതൃത്വത്തിലുള്ള സംഘം മറ്റന്നാൾ വാഴാനി സന്ദർശിക്കും. ആനകളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെടുന്ന പക്ഷം ബന്ധപ്പെടേണ്ട ഹെൽപ്പ് ലൈൻ നമ്പറുകൾ: 04884 232003, 8547601630.