ചാലക്കുടി മാർക്കറ്റിനെ ഏറ്റവും നൂതനവും ആധുനികവുമായ മാർക്കറ്റായി സജ്ജമാക്കുന്നതിനും ശാസ്ത്രീയമായ രീതിയിൽ അറവുമാലിന്യ സംസ്കരണം നടത്തുന്നതിനും വേണ്ടിയുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ ഗ്രാന്റും വായ്പയും ഉപയോഗപ്പെടുത്തി പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി
മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ മുൻ എം.ഡിയും ഗവൺമെൻ്റ് കൺസൾട്ടന്റുമായ ഡോ.മോഹൻ മാർക്കറ്റ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

മൂന്ന് ഏക്കറോളം വിസ്തൃതിയുള്ള മാർക്കറ്റിൽ അറവുശാലയും മത്സ്യ- മാംസ- പച്ചക്കറി മാർക്കറ്റും മാലിന്യനിർമ്മാർജ്ജന
സംവിധാനങ്ങളും ശാസ്ത്രീയമായി നവീകരിക്കുക, നിലവിലുള്ള മാർക്കറ്റ് കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിച്ച് പുതുക്കി നിർമ്മിക്കേണ്ട കെട്ടിടങ്ങൾ നിർമ്മിക്കുക, നവീകരണ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായവും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നഗരസഭ കൗൺസിലിൽ അവതരിപ്പിക്കും. തുടർന്നാണ് പദ്ധതി സർക്കാരിൽ സമർപ്പിക്കുക.