ഓണത്തിന് വിഷരഹിത പച്ചക്കറിയുമായി നാട്ടിക ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾ. കതിർ, തളിർ, സംഗമം, ശ്രീകൃഷ്ണ തുടങ്ങി കുടുംബശ്രീ ഗ്രൂപ്പുകളാണ് കൃഷി ആരംഭിച്ചത്. വിഷമുക്ത പച്ചക്കറികൾ മിതമായ നിരക്കിൽ പ്രദേശവാസികളില്‍ എത്തിക്കുകയാണ് ലക്ഷ്യം.

വഴുതന, വെണ്ട, പയർ, പാവൽ, പടവലം, തക്കാളി, കൂർക്ക തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. നാട്ടിക കൃഷിഭവൻ, അഗ്രിന്യൂട്രി ഗാർഡൻ എന്നിവിടങ്ങളിൽ നിന്നാണ് വിത്തുകളും തൈകളും നൽകിയത്.

കതിർ കുടുംബശ്രീ ഗ്രൂപ്പിലെ നാലുപേർ 50 സെൻ്റ് സ്ഥലത്തും തളിർ കുടുംബശ്രീയിലെ നാല് അംഗങ്ങൾ 60 സെൻ്റ് സ്ഥലത്തും ശ്രീകൃഷ്ണ യൂണിറ്റിലെ നാല് പേർ 90 സെൻ്റിലും സംഗമം കുടുംബശ്രീയുടെ 11 അംഗങ്ങൾ 90 സെൻ്റ് സ്ഥലത്തുമാണ് കൃഷി ഇറക്കിയത്.

കുടുംബശ്രീയുടെ മാസച്ചന്തകളും ഗ്രാമച്ചന്തകളും ഓണവിപണന മേളയിലൂടെയുമാണ് വിൽപ്പന നടത്തുകയെന്ന് നാട്ടിക കുടുംബശ്രീ സിഡിഎസ് മെമ്പർ ഹേമ പ്രേമചന്ദ്രൻ പറഞ്ഞു.