ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നുണ്ടായ പന്നി കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കല്‍പ്പറ്റ പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസില്‍ പന്നി കര്‍ഷകര്‍ക്കുളള ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം വരുന്ന കര്‍ഷകര്‍ ഓണം സീസണ്‍ ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. അവരിപ്പോള്‍ അങ്കലാപ്പിലാണ്. അവരെ സഹായിക്കാനുളള പദ്ധതികളാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. നെല്ല് സംഭരിക്കുന്ന രീതിയില്‍ പന്നി കര്‍ഷകരില്‍ നിന്നും വിലകൊടുത്ത് പന്നികളെ ഏറ്റെുടുക്കുന്ന പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണ്. കേന്ദ്ര നിരക്കില്‍ പന്നികളെ മീറ്റ്‌സ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയെ കൊണ്ട് ഏറ്റെടുപ്പിക്കുന്ന സംഭരണ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. വെറ്ററിനറി ഡോക്ടര്‍മാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പന്നികളെ ഏറ്റെടുക്കുക. കേരള ബാങ്കിന്റെയും സഹകരണ ബാങ്കുകളുടെയും അധികൃതരോടും സഹകരണ വകുപ്പുമന്ത്രിയോടും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. പദ്ധതി നടപ്പാക്കുമ്പോള്‍ വയനാട്, കണ്ണൂര്‍ ജില്ലകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ആഫ്രിക്കന്‍ പന്നിപ്പനി രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബീഹാറിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചപ്പോള്‍ തന്നെ സംസ്ഥാനത്തും പ്രതിരോധ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും പന്നികളെയും പന്നിയിറച്ചിയും കേരളത്തിലേക്ക് കൊണ്ട് വരുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനിടയിലാണ് വയനാട്ടിലും കണ്ണൂരും രോഗം സ്ഥിരീകരിച്ചത്. വിദേശ രാജ്യങ്ങളിലടക്കം പിന്തുടരുന്ന മികച്ച മാതൃകയാണ് ആഫ്രിക്കന്‍ പന്നിപ്പനി പ്രതിരോധത്തിനായി സ്വീകരിച്ചത്. കള്ളിംഗ് നടപടികള്‍ക്ക് ജില്ലയിലെ പന്നികര്‍ഷകര്‍, ജനപ്രതിനിധികള്‍, ജില്ലാ ഭരണകൂടം എന്നിവരുടെ ഭാഗത്ത് നിന്നും നല്ല പിന്തുണ ലഭിച്ചതായും മന്ത്രി പറഞ്ഞു.

കര്‍ഷകര്‍ ജാഗ്രത പാലിക്കണം

മാനന്തവാടി കുറ്റിമൂലയിലെ ഒരു സ്വകാര്യ ഫാമില്‍ രണ്ട് പന്നികള്‍ കൂടി അസ്വാഭാവികമായി മരണപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവയുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി ഭോപ്പാലിലേക്ക് അയച്ചിട്ടുണ്ട്. കര്‍ഷകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. മൃഗസംരക്ഷണ വകുപ്പുമായി സഹകരിക്കണം. പന്നികള്‍ക്ക് എന്തെങ്കിലും രോഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ വിവരമറിയിക്കണം. രോഗം ഇതര പ്രദേശങ്ങളിലേക്ക് പകരാതിരിക്കുന്നതിനുളള സാഹചര്യമൊരുക്കണം. നിലവിലെ സാഹചര്യത്തില്‍ പുറത്ത് നിന്നും പന്നികളെ ഒരു കാരണവശാലും കൊണ്ടുവരാന്‍ അനുവദിക്കില്ല. കര്‍ഷകരുള്‍പ്പെടെയുളളവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പറഞ്ഞു.

ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി അധിക വില

ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് നാല് രൂപ അധികം നല്‍കുന്ന പദ്ധതി ജൂലൈ 1 മുതല്‍ പ്രാബല്യത്തിലായതായി മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഇത്തരത്തില്‍ കര്‍ഷകര്‍ക്ക അധിക വില നല്‍കും. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് സബ്‌സിഡി തുക കൈമാറുക. 28 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതിക്കായി തുക കണ്ടെത്തുക. നിലവില്‍ പാലിന് വില വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ സാഹചര്യമല്ലാത്തതിനാലാണ് ക്ഷീര വികസന വകുപ്പ് പദ്ധതി തയ്യാറാക്കിയത്.

ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം ചിഫ് വെറ്റിനറി ഓഫീസര്‍ ഡോ. കെ. ജയരാജ് വായിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ.ഗീത, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വിന്നി ജോസഫ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി.ആര്‍. രാജേഷ്, പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.ആര്‍. ബിശ്വപ്രകാശ് എന്നിവര്‍ സംസാരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാ പ്രവര്‍ത്തനം നടത്തിയ മൃഗസംരക്ഷണ വകുപ്പിലെ റാപിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളെയും മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരെയും മന്ത്രി അനുമോദിച്ചു. ജീവനക്കാര്‍ക്കുളള അനുമോദനപത്രം മന്ത്രി വിതരണം ചെയ്തു. ജില്ലയിലെ പന്നികര്‍ഷകര്‍ക്കുളള അണുനശീകരണ കിറ്റിന്റെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.