വിദ്യാർത്ഥി വ്യക്തിത്വവികസനം സാമൂഹിക സേവനത്തിലൂടെ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എൻ.എസ്.എസിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ 330 സ്‌കൂൾ സപ്തദിന സഹവാസ റസിഡൻഷ്യൽ ക്യാമ്പുകൾക്ക് വെള്ളിയാഴ്ച തുടക്കമായി.
സംസ്ഥാനമൊട്ടുക്കും 330 ദത്തു ഗ്രാമങ്ങളിലായി നടക്കുന്ന ക്യാമ്പുകളിൽ ഇത്തവണ അമ്മമാരേയും കിടപ്പു രോഗികളേയും ഉന്നം വച്ചാണ് വിദ്യാർത്ഥികൾ ക്ഷേമ, സാക്ഷരതാ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിട്ടുള്ളത്.

ആരോഗ്യ വകുപ്പ് എൻ.സി.ഡി സെല്ലുമായി സഹകരിച്ച് കിടപ്പു രോഗികളെ ഭവന സന്ദർശനം നടത്തി ജീവിതശൈലീരോഗ നിർണ്ണയ ടെസ്റ്റുകൾ സൗജന്യമായി വിദ്യാർത്ഥികൾതന്നെ ചെയ്തുകൊടുക്കുന്ന ‘ദ്യഢഗാത്രം’ പദ്ധതി, മൂന്ന് ലക്ഷത്തിലധികം വീടുകൾ സന്ദർശിച്ച് അമ്മമാർക്ക് ഗാർഹിക ഊർജ്ജ സാക്ഷരതാ സന്ദേശങ്ങൾ  നൽകുന്ന കേരളാ എനർജി മാനേജ്‌മെന്റ് സെന്റർ സഹകരിക്കുന്ന ‘മിതം’ പദ്ധതി, സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ജെന്റർ പാർലിമെന്റുകളും, തെരുവ് നാടകങ്ങളും, നാട്ടിലും, വിദ്യാലയത്തിലും അവതരിപ്പിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ നേത്യത്വത്തിൽ ‘സമജീവനം’ പദ്ധതി തുടങ്ങിയവ ഇക്കുറി ക്യാമ്പുകളെ ആകർഷകമാക്കും.

സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തിൽ സംഘടിപ്പിക്കുന്ന ഈ ക്യാമ്പുകളിൽ ആഗസ്റ്റ് 13 ന് ഹർഘർ തിരംഗയുടെ സന്ദേശവാഹകരായി വിദ്യാർത്ഥികൾ മൂന്നു ലക്ഷത്തിലധികം വീടുകളിലേക്ക് ദേശീയ പതാകയേന്തി ‘തിരംഗാപ്രയാൺ’ പ്രഭാതസവാരി നടത്തും.
സ്വച്ഛതാപക്‌വാഡയുടെ ഭാഗമായി ആസൂത്രണം ചെയ്ത ‘സ്വച്ഛം അമ്യതം’ പദ്ധതിയിലൂടെ ക്യാമ്പുകളുടെ അടുത്തുള്ള പൈതൃക സ്മാരകങ്ങളിലും, പൊതു ഇടങ്ങളിലും വിദ്യാർത്ഥികൾ ശൂചീകരണ ശ്രമദാനങ്ങൾ നടത്തും. കോവിഡ്, പ്രളയ, ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ  അടിയന്തിര സാഹചര്യങ്ങളിൽ മികച്ച സന്നദ്ധ സേവനം കാഴ്ചവെയ്ക്കുവാൻ കൗമാര വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാൻ സംസ്ഥാന ഫയർ ആന്റ് റെസ്‌ക്യു വിഭാഗത്തിന്റേയും, ഇൻഡ്യൻ മെഡിക്കൽ അസോസിയേഷന്റേയും സഹായത്തോടെ 330 ക്യാമ്പുകളിലും ‘സജ്ജം’ ജീവൻ രക്ഷാസ്‌കിൽ ഡ്രില്ലുകൾ  നടക്കും.

ആഗസ്റ്റ് 11 ന് വൈകുന്നേരം 7 മണിക്ക് ക്യാമ്പ് അംഗങ്ങളായ 15000 ത്തിൽ പരം വിദ്യാർത്ഥി വോളണ്ടിയർമാരും 400 ലധികം അദ്ധ്യാപകരും പങ്കെടുത്ത ‘മനംമാനവം’ പ്രീ ക്യാമ്പ് വെർച്വൽ മീറ്റിൽ, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു. കെ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ  ജി. ശ്രീധർ, സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ.അൻസർ. ആർ. എൻ തുടങ്ങിയവർ ക്യാമ്പ് സന്ദേശം നൽകി. ഏഴു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പുകൾ ആഗസ്റ്റ് 18ന് രാവിലെ അവസാനിക്കും.