സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം അമൃതമഹോത്സവത്തോടനബന്ധിച്ച് ജില്ല ശനിയാഴ്ച ത്രിവര്‍ണ്ണമണിയും. ഹര്‍ ഘര്‍ തിരംഗ മഹോത്സവത്തില്‍ എല്ലാ വീടുകളിലും ത്രിവര്‍ണ്ണ പതാക ഉയരും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സ്വാതന്ത്യദിനാഘോഷത്തിന് ജില്ലയില്‍ വിപുലമായ പരിപാടികളാണ് നടക്കുന്നത്. ശനിയാഴ്ച രാവിലെ ഉയര്‍ത്തുന്ന ദേശീയ പതാക ആഗസ്റ്റ് 15 വരെ വാനില്‍ പാറി പറക്കും. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വാകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി എല്ലായിടങ്ങളിലും കരുത്തുറ്റ ഇന്ത്യന്‍ ദേശീയതയുടെ സന്ദേശമായി ത്രിവര്‍ണ്ണ പതാകകള്‍ ഉയരും. കടകമ്പോളങ്ങളും സ്ഥാപനങ്ങളും അലങ്കാര ദീപങ്ങളും തോരണങ്ങളുമായി ഹര്‍ ഘര്‍ തിരംഗിന്റെ ഭാഗമാകും. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ നാളെ മുതല്‍ 15 വരെ കെട്ടിടത്തിന്റെ പ്രധാന സ്ഥലത്തുതന്നെ ദേശീയ പതാക പ്രദര്‍ശിപ്പിക്കാനും സ്വാതന്ത്ര്യ ദിനത്തില്‍ (ഓഗസ്റ്റ് 15) എല്ലാ വര്‍ഷത്തേയും പോലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തണമെന്നും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പതാക ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കാം

* പതാക ഉയര്‍ത്തുമ്പോള്‍ 2002 ലെ ഫ്ളാഗ് കോഡിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം
* ഹര്‍ ഘര്‍ തിരംഗില്‍ ആഗസ്റ്റ് 13 ന് രാവിലെ ഉയര്‍ത്തുന്ന ദേശീയ പതാക ആഗസ്റ്റ് 15 ന് വൈകീട്ട് താഴ്ത്തിയാല്‍ മതി.
* രാത്രിയില്‍ പതാക താഴ്ത്തേണ്ടതില്ല
* കോട്ടണ്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്, ഖാദി തുണികള്‍കൊണ്ടുള്ള പതാകകള്‍ ഉപയോഗിക്കാം
* ദേശീയ പതാക ദീര്‍ഘ ചതുരത്തിലുള്ളതാകണം
* പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3.2 ആയിരിക്കണം
* പതാക ഉയര്‍ത്തുന്നതും താഴ്ത്തുന്നതും തികഞ്ഞ ആദരവോടെയായിരിക്കണം
* കീറിയതും പഴയതുമായ പതാകകള്‍ ഉപയോഗിക്കരുത്.
* തോരണം തുടങ്ങിയ അലങ്കാരമായി ദേശീയ പതാക ഉപയോഗിക്കാന്‍ പാടില്ല
* തറയിലോ നിലത്തോട തൊടാന്‍ പാടില്ലാത്തവിധമാണ് പതാക പ്രദര്‍ശിപ്പിക്കേണ്ടത്.
* പതാകയില്‍ എഴുത്തുകുത്തുകള്‍ പാടില്ല
* മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ദേശീയ പതാക ഉയര്‍ത്താന്‍ പാടില്ല
* തലതിരിഞ്ഞ രീതിയില്‍ പതാക പ്രദര്‍ശിപ്പിക്കരുത്.
* രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍ തുടങ്ങി ഫ്ളാഗ് കോഡില്‍ പരാമര്‍ശിച്ചിട്ടുള്ള വ്യക്തികള്‍ ഒഴികെ മറ്റാര്‍ക്കും വാഹനത്തില്‍ പതാക ഉയര്‍ത്താന്‍ അനുമതിയില്ല.
*പൂര്‍ണ്ണമായും ഹരിത ചട്ടങ്ങള്‍ പാലിച്ച് വേണം പതാക നിര്‍മ്മാണം,വിപണനം, ഉപയോഗം