അവയവദാന രംഗത്ത് വലിയ മാറ്റമുണ്ടാക്കാനാണ് സർക്കാർ പരിശ്രമിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അവയവദാന പ്രവർത്തനങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിന് സമഗ്ര പ്രോട്ടോകോൾ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഈ പ്രോട്ടോകോളിന് കീഴിൽ കൊണ്ടു വരും. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി കോട്ടയം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി യാഥാർത്ഥ്യമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജമാക്കാനുള്ള ക്രമീകരണങ്ങളൊരുക്കി വരുന്നു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കുന്നതിനായി ആക്ഷൻ പ്ലാൻ രൂപീകരിച്ചാണ് സമയബന്ധിതമായി പൂർത്തിയാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സാധാരണക്കാരന് കൂടി സഹായകരമായ രീതിയിൽ അവയവദാന ശസ്ത്രക്രിയകൾ ഒരുക്കാൻ സർക്കാർ മേഖലയിൽ വലിയ പ്രയത്നമാണ് നടത്തുന്നത്. സർക്കാർ പ്രഖ്യാപിച്ച അവയവ മാറ്റിവയ്ക്കൽ പ്രവർത്തനങ്ങൾക്കായുള്ള പ്രത്യേക സ്ഥാപനമായ കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ ഈ മേഖലയിലെ വലിയ മുന്നേറ്റമാകും. ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാനും അവയവത്തിനായുള്ള കാത്തിരിപ്പ് കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
തെറ്റായ പ്രചാരണങ്ങൾ പലപ്പോഴും അവയവദാന പ്രക്രിയയ്ക്ക് തടസമാണ്. പൂർണമായും സർക്കാർ മേൽനോട്ടത്തിലാണ് അവയവദാന പ്രക്രിയ നടക്കുന്നത്. 1994ലെ ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആന്റ് ടിഷ്യൂസ് ആക്ട് പ്രകാരമാണ് ഇന്ത്യയിലെ അവയവദാനം നടക്കുന്നത്. സംസ്ഥാനത്തെ അവയദാനം ഏകോപിപ്പിക്കുന്നതിനും അവയവ വിന്യാസം നടത്തുന്നതിനുമായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസഷൻ (കെസോട്ടോ) സ്ഥാപിച്ചു. ഡോക്ടർമാർ മാർഗനിർദേശങ്ങൾക്കനുസരിച്ച് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയും ഇക്കാര്യം ബന്ധുക്കളെ അറിയിച്ച് അവയവദാനത്തിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തുകയും വേണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ആഗസ്റ്റ് 13നാണ് ലോക അവയവദാന ദിനം ആചരിച്ചു വരുന്നത്. അവയവദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധ്യപ്പെടുത്തുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമാണ് ലോക അവയവദാന ദിനം ആചരിക്കുന്നത്. ഒരാളുടെ ജീവൻ രക്ഷിക്കാൻ അവയവങ്ങൾ ദാനം ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് ലോക അവയവദാന ദിനത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക, അവയവദാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുക, അവയവദാനത്തെ കുറിച്ച് ജനങ്ങളുടെ ഇടയിലുള്ള സംശയവും മിഥ്യാധാരണകളും ഇല്ലാതാക്കിയ എല്ലാ അവയവ ദാതാക്കൾക്കും നന്ദി അറിയിക്കുക, അവയവദാനത്തിനായി സമൂഹത്തിനെ പ്രേരിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നു.