ഭാരതമെന്ന സങ്കല്‍പം ഉയര്‍ത്തിപ്പിടിച്ച് മതേതര കാഴ്ചപ്പാടിന് ഊന്നല്‍ നല്‍കി മുന്നേറണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെയും ജാതി മത വര്‍ഗ വര്‍ണ വിവേചനങ്ങള്‍ക്ക് എതിരെയും ജീവന്‍ നല്‍കി പോരാടാന്‍ ഓരോരുത്തരും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ നടന്ന 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ മന്ത്രി ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. ശേഷം പരേഡ് പരിശോധിച്ചു അഭിവാദ്യം നല്‍കി.

ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് നാം ഈ കാലഘട്ടത്തിലൂടെ കടന്നു പോകുന്നത്. ജില്ല അഭിമുഖീകരിച്ച പ്രളയങ്ങള്‍, കോവിഡ് മഹാമാരി തുടങ്ങിയവയോടൊപ്പം ജീവിക്കാനും അവയെ അതിജീവിക്കാനും അവസരം കിട്ടിയവരാണ് നാം ഓരോരുത്തരും. ദേശീയ തലത്തില്‍ ഉറ്റു നോക്കുന്ന സംസ്ഥാനമാണ് ഇന്ന് കേരളം. അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ സ്ഥായിയായ മാറ്റം നടപ്പിലാക്കി വരുന്ന സംസ്ഥാനമാണിത്. ആരോഗ്യ – വിദ്യാഭ്യാസ രംഗത്തെ മാറ്റം എടുത്തു പറയേണ്ട ഒന്നാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനം മികച്ച മുന്നേറ്റമാണ് നടത്തുന്നത്. പ്രഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് വരെ ഗുണമേന്മയുള്ള മികച്ച വിദ്യാഭ്യാസം നല്‍കാനായി എന്നത് അഭിമാനകരമായ കാര്യമാണ്.
ജില്ലയില്‍ മെഡിക്കല്‍ കോളേജ് കൊണ്ടുവരാനും പഠന സൗകര്യവും ആവശ്യമായ മറ്റു സൗകര്യങ്ങളും ഒരുക്കാനും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചു. ജില്ല നേരിടുന്ന ഭൂപ്രശ്‌നങ്ങള്‍, പട്ടയം, ബഫര്‍ സോണ്‍ വിഷയം തുടങ്ങിയവയിലെല്ലാം ജനപക്ഷത്ത് നില്‍ക്കുന്ന നിലപാട് ആണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കോവിഡ് മൂലം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പൊതുജനങ്ങളെ പങ്കെടുപ്പിച്ചു വിപുലമായാണ് ഇത്തവണ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. പരേഡ് കമാന്റര്‍ കുമളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ നടത്തിയ പരേഡില്‍ എസ് പി സി ബാന്‍ഡ്, പോലീസ് ബാന്‍ഡ് ഉള്‍പ്പെടെ 22 പ്ലറ്റൂണുകളാണ് അണിനിരന്നത്. പോലീസ് 3 (ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സ്, ലോക്കല്‍ പോലീസ് പുരുഷ വിഭാഗം, ലോക്കല്‍ പോലീസ് വനിത വിഭാഗം), എക്‌സൈസ് 1, ഫോറസ്റ്റ് 1, എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ 3 (കട്ടപ്പന ഗവ കോളേജ്, മുരിക്കാശ്ശേരി പാവനാത്മ കോളേജ്, സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് വാഴത്തോപ്പ്), എന്‍.സി.സി ജൂനിയര്‍ ഡിവിഷന്‍ 3 (ജവഹര്‍ നവോദയ വിദ്യാലയ കുളമാവ് പെണ്‍കുട്ടികളുടെ വിഭാഗം, ജവഹര്‍ നവോദയ വിദ്യാലയ കുളമാവ് ആണ്‍കുട്ടികളുടെ വിഭാഗം, സെന്റ് ജോര്‍ജ് എച്ച്.എസ്. വാഴത്തോപ്പ്), എസ്.പി.സി 5 (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പൈനാവ്, സെന്റ് ജോര്‍ജ് എച്ച്.എസ് വാഴത്തോപ്പ് പെണ്‍കുട്ടികളുടെ വിഭാഗം, സെന്റ് ജോര്‍ജ് എച്ച്.എസ് വാഴത്തോപ്പ് ആണ്‍കുട്ടികളുടെ വിഭാഗം, എസ്.എന്‍ .എച്ച്.എസ് നങ്കിസിറ്റി, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പൈനാവ്), സ്‌കൗട്ട് 2 (ജവഹര്‍ നവോദയ വിദ്യാലയ കുളമാവ്, കേന്ദ്രീയ വിദ്യാലയം പൈനാവ്), ഗൈഡ്‌സ് 2 (ജവഹര്‍ നവോദയ വിദ്യാലയ കുളമാവ്, കേന്ദ്രീയ വിദ്യാലയം പൈനാവ്) എന്നിങ്ങനെയായിരുന്നു പ്ലറ്റൂണുകള്‍.
പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനി ഭാഗ്യശ്രീയുടെ നേതൃത്വത്തിലുള്ള സംഘം ദേശഭക്തി ഗാനത്തിനും, കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി ആദിത്യ വി. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ദേശിയഗാനത്തിനും നേതൃത്വം നല്‍കി.

പരേഡില്‍ മികച്ച പ്രകടനം കാഴ്ചവച്ച പോലീസ് ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് പ്ലറ്റൂണും എക്‌സൈസ് പ്ലറ്റൂണും ഒന്നാം സ്ഥാനം പങ്കിട്ടു. ആര്‍എസ്‌ഐ റോയ് തോമസ് ആയിരുന്നു പോലീസ് ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് പ്ലറ്റൂണിന്റെ കമാന്റര്‍. ഉടുമ്പന്‍ചോല എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനൂപ് വി.പി എക്‌സൈസ് പ്ലറ്റൂണിന് നേതൃത്വം നല്‍കി. എന്‍.സി.സി സീനിയര്‍ വിഭാഗത്തില്‍ അലന്‍ ടോമി നേതൃത്വം കൊടുത്ത കട്ടപ്പന ഗവ കോളേജിലെ പ്ലറ്റൂണും എന്‍.സി.സി ജൂനിയര്‍ വിഭാഗത്തില്‍ ഇവാന്‍ജെലന്‍ മേരി ജോസഫ് നേതൃത്വം കൊടുത്ത ജവഹര്‍ നവോദയ വിദ്യാലയത്തിലെ പ്ലറ്റൂണും എസ്.പി.സി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഷൈജു നേതൃത്വം കൊടുത്ത പൈനാവ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ പ്ലറ്റൂണും എസ്.പി.സി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഷെറിന്‍ സൂസന്‍ നേതൃത്വം നല്‍കിയ എസ്.എന്‍. എച്ച്.എസ് നങ്കിസിറ്റി സ്‌കൂള്‍ പ്ലറ്റൂണും ഒന്നാം സ്ഥാനം നേടി. സ്‌കൗട്ടില്‍ ജസല്‍ എം. പ്രിന്‍സ് നേതൃത്വം നല്‍കിയ കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിലെ പ്ലറ്റൂണും ഗൈഡ്‌സില്‍ ദിയ ഫാത്തിമ നേതൃത്വം നല്‍കിയ പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ പ്ലറ്റൂണും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ആര്‍ എസ്‌ഐ വിനോദ് കെ യുടെ നേതൃത്വത്തിലുള്ള പോലീസ് ബാന്‍ഡ് ടീമും എസ്.എന്‍. എച്ച്.എസ് നങ്കിസിറ്റി സ്‌കൂളിലെ അനാമിക സനോജിന്റെ നേതൃത്വത്തിലുള്ള എസ്.പി.സി ബാന്റും പരേഡിന് താളലയമൊരുക്കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ജി സത്യന്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി .വി വര്‍ഗീസ്, ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ്, എ.ഡി.എം ഷൈജു പി. ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍ വിവിധ വകുപ്പ് തല മേധാവികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പരേഡിന് സാക്ഷ്യം വഹിച്ചു.