75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചടങ്ങിന് ശേഷം ഇടുക്കി ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ശ്വാന പ്രദര്‍ശനവും കുറ്റാന്വേഷണ പ്രകടനവും നടത്തി.
വിവിധ ഇനങ്ങളിലുള്ള അഞ്ചു നായ്ക്കളാണ് പ്രകടനം കാഴ്ച വെച്ചത്. ഇടുക്കി ഡോഗ് സ്‌ക്വാഡിലെ പരിശീലനം നേടിയ നായ്ക്കളാണ് അഞ്ചു പേരും. ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഗ്രൗണ്ടില്‍ നടത്തിയ പ്രകടനം പ്രേക്ഷകരുടെ കൈയ്യടി നേടി. പരേഡ്, ഒബീഡിയന്‍സ്, ഫയര്‍ ജംമ്പ്, ഹഡില്‍സ്, നര്‍ക്കോട്ടിക് ഡിറ്റെക്ഷന്‍, എക്‌സ്‌പ്ലോസീവ് ഡിറ്റക്ഷന്‍ തുടങ്ങി ജില്ലാ ഡോഗ് സ്‌ക്വാഡിന്റെ മികവ് തെളിയിക്കുന്ന കുറ്റാന്വേഷണ പ്രകടനങ്ങളാണ് ഡോളിയും സ്റ്റെഫിയും ജെനിയും ഡോണയും എയ്ഞ്ചലും കാണികള്‍ക്ക് മുമ്പില്‍ കാഴ്ച്ച വച്ചത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ അജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍, അഖില്‍, ജുബിന്‍, പ്രദീപ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കെ9 ശ്വാന സേനയുടെ കൈയ്യടി നേടിയ പ്രകടനം. കാഴ്ച്ചക്കാരുടെ പങ്കാളിത്തതോടെയായിരുന്നു നര്‍ക്കോട്ടിക് ഡിറ്റക്ഷനും എക്‌സ്‌പ്ലോസീവ് ഡിറ്റക്ഷനുമായി ബന്ധപ്പെട്ട പ്രകടനങ്ങള്‍ നടന്നത്.