ഖാദി കസ്റ്റമേഴ്സ് മീറ്റ് 2022 സംഘടിപ്പിച്ചു
നമ്മുടെ രാജ്യത്തിന്റെ സ്വാശ്രയത്വത്തിൽ അധിഷ്ഠിതമായി നടന്ന നിരവധി സമര മാർഗങ്ങളിൽ പ്രധാന പങ്കാണ് ഖാദിക്ക് ഉള്ളതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിച്ച ഖാദി കസ്റ്റമേഴ്സ് മീറ്റ് 2022ന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മുൻപിലേക്ക് മഹാത്മാ ഗാന്ധി ഒരു പുതിയ സമരരൂപം അവതരിപ്പിക്കുകയായിരുന്നു. സ്വാശ്രയത്വം, വിദേശ വസ്ത്ര ബഹിഷ്കരണം എന്നിവയുടെ ഭാഗമായിരുന്നു ഖാദി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ മൂന്ന് ദശകം മാത്രം സജീവമായിരുന്ന ഗാന്ധിജി എത്രയോ നൂറ്റാണ്ടുകൾ ജീവിച്ചാലും നൽകാൻ കഴിയാത്തത്ര സംഭാവനകളാണ് നൽകിയതെന്നും മന്ത്രി അനുസ്മരിച്ചു.
ഖാദി വിപണിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് സർക്കാരിന്റേത്. കേരള ഖാദി എന്ന ബ്രാൻഡ് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. ഖാദിയെ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഷോറൂമുകൾ ആധുനിക വൽക്കരിക്കുകയാണ്. ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി. ഷോറൂമുകളിലെ ജീവനക്കാർക്ക് ടാർഗറ്റ് നിശ്ചയിച്ച് നൽകുന്നത് പരിഗണനയിലുണ്ടെന്നും എല്ലാവരും ഒരുമിച്ച് ശ്രമിച്ചാൽ ഈ സംവിധാനത്തെ ശക്തിപ്പെടുത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
കലൂർ റിന്യൂവൽ സെന്ററിൽ നടന്ന പരിപാടിയിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യാതിഥിയായി. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ ഉപഹാര സമർപ്പണം നടത്തി. ഖാദി ബോർഡ് അംഗം കെ ചന്ദ്രശേഖരൻ, കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് അധ്യക്ഷ സോണി കോമത്ത്, ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസർ പി.എ അഷിത, അസി. രജിസ്ട്രാർ വി. ഹരികുമാർ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ അൻവർ, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി.വി ജോമോൻ തുടങ്ങിയവർ സംസാരിച്ചു.
40 വർഷമായി ഖാദി തൊഴിലാളിയായി ജോലി നോക്കുന്ന പി.കെ ദേവകി, മുതിർന്ന ഖാദി പ്രവർത്തകരായ ഗോപാലകൃഷ്ണ പൊതുവാൾ, അലി അക്ബർ, സേതു ഏലൂർ, രാജു തെക്കൻ, സുഭാഷ് പറവൂർ, എൻ.കെ പവിത്രൻ, കെ.എസ് ചന്ദ്രശേഖരമേനോൻ തുടങ്ങിയവരെയും 150 ഖാദി ഉപഭോക്താക്കളെയും ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി സംരംഭകർക്കുള്ള സബ്സിഡി വിതരണം ചെയ്തു