സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ജില്ലയിലും വിപുലമായ ആഘോഷ പരിപാടികൾ. ജനപ്രതിനിധികള്‍, വിദ്യാർത്ഥികൾ, സാംസ്‌കാരിക പ്രവര്‍ത്തകള്‍ തുടങ്ങിയവർ വിവിധ ഇടങ്ങളിൽ പരിപാടികളുടെ ഭാഗമായി. നടത്തറ പഞ്ചായത്ത് തല സ്വാതന്ത്ര്യ ദിനാഘോഷവും പട്ടിക്കാട് ഗവ.എൽ പി സ്കൂളിന്റെ സ്വാതന്ത്ര്യദിന പരിപാടിയും റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭരണഘടന സദസ് ശ്രദ്ധേയമായി. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി റാലികള്‍, സൈക്കിള്‍ റാലികള്‍, പ്രശ്‌നോത്തരി, ദേശഭക്തിഗാന മത്സരം തുടങ്ങി വിവിധ പരിപാടികള്‍ സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിച്ചിരുന്നു.

തൃശൂർ താലൂക്ക് ഓഫീസ് മുന്നിൽ പി ബാലചന്ദ്രൻ എംഎൽഎ ദേശീയപതാക ഉയർത്തി. ചാലക്കുടി താലൂക്ക് ഓഫീസ് ആസ്ഥാനത്ത് സനീഷ് കുമാർ ജോസഫ് എംഎൽഎ  ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. തഹസിൽദാർ ഇ എൻ രാജു, ഭൂരേഖ തഹസിൽദാർ അശോക് കുമാർ എൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ എം ശ്രീനിവാസ്, കെ ഡി രാജൻ,  ഒ ജി രാജൻ, എൻ ആർ  ലത തുടങ്ങിയവർ പങ്കെടുത്തു.
തളിക്കുളം സ്നേഹതീരം പാർക്ക്, എസ്എൻവിയുപി സ്കൂൾ എന്നിവിടങ്ങളിൽ സി സി മുകുന്ദൻ എംഎൽഎ ദേശീയപതാക ഉയർത്തി.

കയ്പമംഗലം മണ്ഡലത്തിലെ കാര ബഹദൂർ സ്മാരക വായനശാല, എറിയാട് ശിശുവിദ്യാ പോഷിണി സ്കൂൾ, കൊട്ടിക്കൽ രണചേതന ക്ലബ്ബ് , അഴീക്കോട് ഇർഷാദ് യു പി സ്കൂൾ, മതിലകം ഒ എൽ എഫ് സ്കൂൾ എന്നിവിടങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ദേശീയപതാക ഉയർത്തി. തലപ്പിള്ളി താലൂക്ക്  സ്വാതന്ത്ര്യ ദിനാഘോഷം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച  ആഘോഷ പരിപാടികൾ കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, ബിഡിഒ അജയഘോഷ് പി ആർ, പുതുക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ  സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു. നഗരസഭാ അധ്യക്ഷ ഷീജ പ്രശാന്ത് നഗരസഭ അങ്കണത്തിൽ ദേശീയപതാക ഉയർത്തി. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനറാലി എൻ കെ അക്ബർ എം എൽ എ ഫ്ലാഗ്ഓഫ് ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ  കെ കെ മുബാറക്,  സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, അബ്ദുൽ റഷീദ് പി  എസ്,  ബുഷറ ലത്തീഫ്,  പ്രസന്ന രണദിവെ, മുഹമ്മദ് അൻവർ എ വി, കൗൺസിലർമാർ, ജനപ്രതിനിധികൾ വ്യാപാരി പ്രതിനിധികൾ, വിദ്യാർത്ഥികൾ, എസ്പിസി,  എൻഎസ്എസ്, സ്കൗട്ട്,  ഹരിതകർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ, നഗരസഭ ജീവനക്കാർ തുടങ്ങി നിരവധി പേർ റാലിയിൽ അണിനിരന്നു.

ചൊവ്വന്നൂർ ബ്ലോക്കിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് ദേശീയപതാക ഉയർത്തി. തുടർന്ന് വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരൻമാരുടെ വിവിധ കലാപരിപാടികളും സ്വാതന്ത്ര്യദിന സന്ദേശറാലിയും അരങ്ങേറി. പങ്കെടുത്ത കലാകാരൻമാർക്ക് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി  പ്രമോദ്, ബ്ലോക്ക് മെമ്പർ ടി എസ്  മണികണ്ഠൻ, ബിഡിഒ വിനീത് കെ എം എന്നിവർ ചേർന്ന് സമ്മാനം വിതരണം ചെയ്തു. ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രജിത ഷിബു, ബ്ലോക്ക് പഞ്ചായത്തംഗം കെ കെ  മണി തുടങ്ങിയവർ പങ്കെടുത്തു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ ദേശീയപതാക ഉയർത്തി.  ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും അണിനിരന്ന ഘോഷയാത്രയും സംഘടിപ്പിച്ചു. മികച്ച ശുചിത്വ വിദ്യാലയത്തിനുള്ള ജില്ലാതല പുരസ്കാരം നേടിയ ജി.യു.പി.എസ് വെള്ളാങ്ങല്ലൂരിനെ ചടങ്ങിൽ ആദരിക്കുകയും മൊമെന്റോ നൽകുകയും ചെയ്തു. ബ്ലോക്കിന് കീഴിൽ പൊതുപ്രവർത്തകരായിരുന്ന മുതിർന്ന പൗരന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്വാതന്ത്ര്യചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ  പ്രഭാഷകനായ പി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.