ഹാന്‍ടെക്‌സ് ഓണം റിബേറ്റ് വില്‍പ്പനയ്ക്ക് തുടക്കം

ആധുനികവത്കരണത്തിലൂടെ കൈത്തറി മേഖലയെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഹാന്‍ടെക്‌സ്
ഓണം റിബേറ്റ് വില്‍പ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഹാന്‍ടെക്സ് മെന്‍സ് വേള്‍ഡ് ഷോറൂമില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിനു ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആധുനികവത്കരിച്ചും കൈത്തറിയുടെ തനിമ നിലനിര്‍ത്തിയും വൈവിധ്യവത്കരിച്ചും മുന്നോട്ട് പോകാനാണു ലക്ഷ്യം. തിരുവനന്തപുരത്തെ ഹാന്‍ടെക്സിന്റെ സ്വന്തം ഗാര്‍മെന്റ് ഫാക്ടറിയിലെ ഉത്പന്നങ്ങളാണ് ഷോറൂമുകളില്‍ വില്‍ക്കുന്നത്. കേമി ബ്രാന്‍ഡില്‍ ചുരിദാറുകളും വിപണിയിലിറക്കുന്നുണ്ട്. റെഡിമെയ്ഡ് ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ ഗുണമേന്മയോടുകൂടി ഹാന്‍ടെക്സ് വിപണിയിലേക്ക് എത്തിക്കുന്നു. കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ കഴിയുംവിധം കൈത്തറി മേഖലയെ പുന: ക്രമീകരിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നും സര്‍ക്കാര്‍ ഫണ്ടിനെ മാത്രം ആശ്രയിച്ച് നിലനില്‍ക്കാനാകില്ല. സ്വന്തമായി വിപണി ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കണം. ലാഭകരമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. വിപണി ഉറപ്പുവരുത്താന്‍ കൈത്തറി മേഖലയില്‍ സര്‍ക്കാര്‍ ശക്തമായ നടപടികളാണു സ്വീകരിച്ചത്. സ്‌കൂള്‍ യൂണിഫോമുകള്‍ കൈത്തറിയാക്കിയതോടെ ഈ മേഖലയുടെ ഉത്പാദനത്തിന്റെ നല്ലൊരു പങ്കും യൂണിഫോമിലേക്കു മാറി. ഇനി ആവശ്യകതയ്ക്കനുസരിച്ചുള്ള സപ്ലൈ ഉറപ്പാക്കണം. കൂടുതല്‍ നെയ്ത്തുകാരെ കൊണ്ടുവരാനും കഴിയണം. യുവാക്കള്‍ കൂടുതലായി കൈത്തറി മേഖലയിലേക്കു കടന്നുവരുന്നുണ്ട്. ഇവര്‍ക്കായുള്ള പരിശീലന സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ബുധനാഴ്ചകളില്‍ കൈത്തറിയോ ഖാദിയോ ധരിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഇതിനോട് നല്ല രീതിയില്‍ പ്രതികരിച്ചു. ഷോറൂമുകളുടെ നവീകരണവും ജീവനക്കാര്‍ക്കുള്ള പരിശീലനവും നടപ്പാക്കി വരുന്നു. ഓരോ യൂണിറ്റുകള്‍ക്കും ടാര്‍ഗെറ്റ് നിശ്ചയിച്ച് വില്‍പ്പന വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നു. വില്‍പ്പന വര്‍ധനയ്ക്കനുസരിച്ച് ഇന്‍സന്റീവും ജീവനക്കാര്‍ക്കു നല്‍കുന്നുണ്ട്. ഖാദി, കൈത്തറി ഷോറൂമുകളോട് ചേര്‍ന്ന് ഡിസൈനര്‍മാര്‍ക്കായി സേവനം ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. തിരുവനന്തപുരത്ത് ഖാദിയില്‍ ഇത് ആരംഭിച്ചു. ഈ രീതിയില്‍ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുകയാണ്. രണ്ടു വര്‍ഷത്തെ കോവിഡിന്റെ ആധിക്യത്തിനു ശേഷം എത്തുന്ന ഈ ഓണത്തിന് കൈത്തറിക്ക് കൂടുതല്‍ വിപണി ഉറപ്പുവരുത്താന്‍ കഴിയണം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കായി പ്രത്യേക പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ ഓണത്തിനു കശുവണ്ടി, കൈത്തറി, കയര്‍, കരകൗശലം എന്നിവയുടെ കോമ്പോ പാക്കറ്റും അവതരിപ്പിക്കുന്നു. ഒരു മുണ്ട്, ഒരു കയറിന്റെ ചവിട്ടി, ഒരു പാക്കറ്റ് കശുവണ്ടി, കരകൗശല കോര്‍പ്പറേഷന്‍ നല്‍കുന്ന ചന്ദനത്തിരി എന്നിവടയങ്ങിയ 3534 രൂപയുടെ പാക്കറ്റ് 2500 രൂപയ്ക്ക് ലഭിക്കും. നാല് മേഖലയ്ക്കും ഇതുവഴി വിപണി ലഭ്യമാകും. ഹാന്‍ടെക്സ് ഡയറക്ടറാണ് ഇതിന്റെ നോഡല്‍ ഓഫീസറായി നിയമിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള കൂടുതല്‍ കോമ്പോ പാക്കറ്റുകള്‍ വിപണിയിലിറക്കുമെന്നും മന്ത്രി പറഞ്ഞു.

റിട്ട. എസ്.ഐ കെ.കെ തിലകന്‍ മന്ത്രിയില്‍ നിന്ന് ആദ്യവില്‍പ്പന ഏറ്റുവാങ്ങി. ടി.ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍, ഹാന്റ്‌ലൂം ഡയറക്ടറും ഹാന്‍ടെക്സ് മാനേജിംഗ് ഡയറക്ടറുമായ കെ.എസ് അനില്‍ കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ്, ഹാന്‍ടെക്‌സ് ഭരണ സമിതി അംഗം ടി.എസ് ബേബി പങ്കെടുത്തു.