* ജനങ്ങൾക്ക് നാടിനോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനം:
കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ

* തീരങ്ങൾ സംരക്ഷിക്കേണ്ടത്
നമ്മുടെ കടമ : ജില്ലാ കളക്ടർ

കടലും തീരവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനും മത്സ്യമേഖലയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാരിന്റെ ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ ആദ്യഘട്ട ജില്ലാതല ബോധവത്കരണ – പ്രചാരണ പരിപാടികൾക്ക് കുഴുപ്പിള്ളിയിൽ വൻ ജനപങ്കാളിത്തത്തോടെ തുടക്കം. കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നയിച്ച കടലോര നടത്തത്തിൽ ആയിരങ്ങൾ അണിചേർന്നു.

നാടിനോടുള്ള പ്രതിബദ്ധതയാണ് കടലോര നടത്തത്തിൽ പങ്കെടുത്തുകൊണ്ട് നാടാകെ പ്രകടപ്പിച്ചതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു അദ്ദേഹം പറഞ്ഞു. കടലിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യം കൂടുതൽ ഗുരുതരമായ ആരോഗ്യഭീഷണി ഉയർത്തുന്നുവെന്ന ഗവേഷണ ഫലങ്ങളുടെ മുന്നറിയിപ്പ് ജാഗരരൂകമായ പെരുമാറ്റ ചട്ടത്തിന് ജനങ്ങളെ ബാധ്യസ്ഥരാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കടലോര നടത്തത്തിൽ കടലും തീരവും സംരക്ഷിക്കുമെന്ന പ്രതിജ്ഞ ആലേഖനം ചെയ്ത പ്ലക്കാർഡുകളുമായി കുട്ടികൾ മുതൽ വയോജനങ്ങൾ വരെ പങ്കു ചേർന്നു. കുഴുപ്പിള്ളി ബീച്ചിന്റെ തെക്കേ അതിർത്തിയിൽ നിന്നാരംഭിച്ച് പ്രവേശന കവാടത്തിലെ വേദിയിൽ സമാപിച്ച കടലോര നടത്തത്തിൽ പങ്കെടുത്തവരെ ജില്ലാ കളക്ടർ ഡോ. രേണു രാജ് അഭിവാദ്യം ചെയ്തു സംസാരിച്ചു. തീരദേശം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പ്ലാസ്റ്റിക്കെന്നും തീരങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും കളക്ടർ പറഞ്ഞു. തുടർന്ന് ദീപനാളം തെളിച്ച വർണബലൂണുകൾ ആകാശത്തേക്ക് പറത്തി.

ജനപ്രതിനിധികൾ, മത്സ്യത്തൊഴിലാളികൾ, കല, കായികം, സിനിമ, സാംസ്‌കാരികം, രാഷ്ട്രീയം രംഗത്തെ പ്രമുഖർ, കുടുംബശ്രീ, വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, സാമുദായിക – സന്നദ്ധ കൂട്ടായ്‌മകൾ, ക്ലബുകൾ ഉൾപ്പെടെ സംഘടനകൾ, പൊതുജനങ്ങൾ ഉൾപ്പെടെ കടലോര നടത്തത്തിൽ പങ്കെടുത്തു.

വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷത വഹിച്ചു. കാർഷിക സർവ്വകലാശാല മുൻ ഡീൻ ഡോ. കെ.എസ് പുരുഷൻ മുഖ്യപ്രഭാഷണം നടത്തി.