ജില്ലയിലെ ക്ഷീരകര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ഉറപ്പുനല്‍കി പി.വി ശ്രീനിജന്‍ എം.എല്‍.എ. ക്ഷീര വികസന വകുപ്പ് എറണാകുളം ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന പാല്‍ ഗുണമേന്മ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ 319 സഹകരണസംഘങ്ങളില്‍ പാല്‍ പരിശോധന കാര്യക്ഷമമായി നടപ്പില്ലാക്കുന്നതിനു ജില്ലയ്ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ മൊബൈല്‍ ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് വാഹനം അനുവദിക്കുന്ന കാര്യവും നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ക്ഷീര ഉല്‍പ്പാദകര്‍ക്ക് മെച്ചപ്പെട്ട വിലയും ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള പാലും ലഭ്യമാക്കുന്നതിനായി പ്രാഥമികതലത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പാല്‍ ഗുണമേന്മ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്നിവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നെല്ലാട് ക്ഷീര കര്‍ഷക സംഘവുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

നെല്ലാട് ക്ഷീര കര്‍ഷക സംഘം ഓഫീസില്‍ നടന്ന പരിപാടിയില്‍ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ജില്ല അസി. ഡയറക്ടര്‍ നിഷ വി. ഷെരീഫ്, ക്ഷീരസംഘം പ്രസിഡന്റ് ജോയി ഡേവിസ്, സെക്രട്ടറി ടി.വി വിനീത തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പരിപാടിയോടനുബന്ധിച്ച് വിവിധ സെഷനുകളിലായി നടന്ന ക്ലാസുകളില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ പ്രിയ ജോസഫ്, ഭക്ഷ്യ സുരക്ഷ ഓഫീസര്‍ കൃപ ജോസഫ്, ക്ഷീര വികസന ഓഫീസര്‍ വി.സി ശ്രീലത തുടങ്ങിയവര്‍ സംസാരിച്ചു