തൃശൂർ ജില്ലയിൽ സർക്കാരിന്റെ ഓണക്കിറ്റിൽ ഇക്കുറി കുടുംബശ്രീയുടെ കൈപ്പുണ്യവും. 32 യൂണിറ്റുകളിലെ വനിതകൾ നിർമ്മിക്കുന്ന ശർക്കരവരട്ടി കിറ്റുകളിൽ മാധുര്യം നിറയ്ക്കും. കുടുംബശ്രീയുടെ പങ്കാളിത്തത്തോടെ കഴിഞ്ഞ വർഷവും ഓണക്കിറ്റിൽ ശർക്കര വരട്ടിയും ഉപ്പേരിയും നൽകിയിരുന്നു.

ചാലക്കുടി, ചാവക്കാട്, തൃശൂർ, വടക്കാഞ്ചേരി എന്നീ നാല് ഡിപ്പോകളിലായി 33,3500 ചിപ്പ്സ് പാക്കറ്റുകളാണ് കുടുംബശ്രീ യൂണിറ്റുകൾ വഴി വിതരണം ചെയ്യുന്നത്. ശർക്കരവരട്ടി സപ്ലൈകോ ഡിപ്പോകളിലേയ്ക്കാണ് വിതരണത്തിനായി കൈമാറുന്നത്.

ഇരുന്നൂറിൽപരം കുടുംബശ്രീ അംഗങ്ങളാണ് ചിപ്സ് നിർമ്മാണ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഏത്തക്കായ അരിയുന്നത് മുതല്‍ രുചികരമായ ശര്‍ക്കര വരട്ടി തയ്യാറാക്കി പായ്ക്ക് ചെയ്യുന്നത് വരെയുള്ള ജോലികളാണ് ഇവര്‍ ചെയ്യുന്നത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് നിര്‍മ്മാണം. പാചകമുറിയിലും പായ്ക്കിംഗ് കേന്ദ്രങ്ങളിലും പൂർണമായും ശുചിത്വം പാലിക്കുന്നുണ്ട് . കുടുംബശ്രീ ഉദ്യോഗസ്ഥരുടെയും സപ്ലെക്കോ അധികൃതരുടെയും കൃത്യമായ നിരീക്ഷണവും നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ട്.

ചിപ്സ് നിർമ്മാണത്തിനാവശ്യമായ കായക്കുലകൾ കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകളിൽ നിന്നും നാട്ടു കർഷകരിൽ നിന്നുമാണ് വാങ്ങുന്നത്. 100 ഗ്രാമിന്റെ പാക്കറ്റുകളാണ് വിതരണം ചെയ്യുക. ചിപ്സ് പാക്കറ്റ് ഒന്നിന് 27+12% ജി.എസ്.ടി ആണ് വില. സപ്ലൈകോ ചിപ്സ് വിതരണവുമായി ബന്ധപ്പെട്ട് ഒരു കോടിയിൽ പരം രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ യൂണിറ്റുകൾക്ക് ലഭിക്കുന്നത്. ഓർഡർ ലഭിച്ചതോടെ നിർമ്മാണവും പാക്കിംഗും ആദ്യഘട്ട വിതരണവും ആരംഭിച്ചു കഴിഞ്ഞു.