ബെര്‍മിങ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ് ജമ്പില്‍ വെള്ളി മെഡല്‍ നേടിയ ശ്രീശങ്കര്‍ മുരളിയെ കേരള നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് പാലക്കാട് യാക്കരയിലെ വസതിയിലെത്തി പൊന്നാടയണിച്ച് അഭിനന്ദിച്ചു. കോമണ്‍വെല്‍ത്തിലെ നേട്ടം വലിയ നേട്ടങ്ങളുടെ തുടക്കമാണെന്നും ഇതിനു പിന്നില്‍ വലിയ പരിശ്രമം ശ്രീശങ്കര്‍ നടത്തുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് ശ്രീശങ്കര്‍ പരിശീലനം നടത്തുന്ന ജിംനേഷ്യം സന്ദര്‍ശിച്ചു. സര്‍ക്കാര്‍ ജോലിയും പരിശീലനം നടത്തുന്ന ജിംനേഷ്യത്തിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതടക്കം കായികമന്ത്രി വി. അബ്ദുറഹിമാനുമായി കൂടിയാലോചിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. മെഡല്‍ നേടിയ നിമിഷം തന്നെ സ്പീക്കര്‍ അഭിനന്ദനം അറിയിച്ചെന്നും നേരിട്ടു വന്നതില്‍ സന്തോഷവും നന്ദിയുമുണ്ടെന്നും ശ്രീശങ്കര്‍ പറഞ്ഞു. ശ്രീശങ്കറിന്റെ അച്ഛന്‍ മുരളി, അമ്മ ബിജിമോള്‍ എന്നിവരും സ്പീക്കറുടെ സന്ദര്‍ശനത്തില്‍ സന്തോഷം അറിയിച്ചു.
