കരുമാല്ലൂരില്‍ കര്‍ഷകദിനാചരണം

കര്‍ഷകര്‍ക്ക് ഒപ്പം നില്‍ക്കുക എന്ന സമീപനമാണ് കേരളം സ്വീകരിച്ചിരിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി കരുമാല്ലൂര്‍ തട്ടാംപടി സെന്റ് തോമസ് പള്ളി ഹാളില്‍ നടത്തിയ കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കര്‍ഷക സമൂഹത്തെ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകുകയെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. കര്‍ഷകര്‍ക്കു കൂടുതല്‍ വരുമാനം ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പഴങ്ങള്‍, പച്ചക്കറികള്‍ ഉള്‍പ്പെടെ ഏത് വിളകളും ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയില്‍ തന്നെ ഉപയോഗിക്കുന്നതിലൂടെ കര്‍ഷകര്‍ക്കു
കാര്യമായ വരുമാനം ലഭിക്കുന്നില്ല. അതിനാല്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കണം.
ഞങ്ങളും കൃഷിയിലേക്ക് ക്യാമ്പയിന്റെ ഭാഗമായി എല്ലാവരേയും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെടുത്താനാണു ശ്രമം. ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന കൃഷിക്കൊപ്പം കളമശ്ശേരി എന്ന പദ്ധതി പഞ്ചായത്തുകളും സഹകരണ സംഘങ്ങളും സംയുക്തമായാണ് നടപ്പിലാക്കുന്നത്. നിരവധി ഗ്രൂപ്പുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

റെഡി ടു ഈറ്റ്, ഫ്രൂട്ട് പള്‍പ്പ് തുടങ്ങി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ആരംഭിച്ച സംരംഭങ്ങളെക്കുറിച്ച് മന്ത്രി പ്രത്യേകം പരാമര്‍ശിച്ചു. കേരളത്തില്‍ 10 പുതിയ ഫുഡ് പാര്‍ക്കുകള്‍ ആരംഭിക്കും. പാലക്കാടും ചേര്‍ത്തലയിലുമായി രണ്ട് മെഗാ പാര്‍ക്കുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുതിര്‍ന്ന കര്‍ഷകരേയും കാര്‍ഷിക മേഖലയില്‍ മികവ് തെളിയിച്ച കര്‍ഷകരേയും മന്ത്രി ആദരിച്ചു. കൃഷി ദര്‍ശന്‍ പരിപാടിയുടെ ഭാഗമായി കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിളംബര ജാഥ തട്ടാംപടി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് സെന്റ് തോമസ് പള്ളിയില്‍ അവസാനിച്ചു. കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും കുടുംബശ്രീ ഗ്രൂപ്പുകളുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും സംഘടിപ്പിച്ചു.

കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അധ്യക്ഷത വഹിച്ചു.