ആലങ്ങാട് കര്‍ഷകദിനം മന്ത്രി ഉദ്ഘാടനം ചെയ്തു

ചെറിയ ഭൂപ്രദേശമാണ് കേരളത്തിന്റേതെങ്കിലും മറ്റു മേഖലകള്‍ പോലെ കൃഷിയെ പരമാവധി പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തിന് ആവശ്യമായ കാര്‍ഷിക വിളകള്‍ ഇവിടെത്തന്നെ ഉല്പാദിപ്പിക്കാന്‍ കഴിയണമെന്നു വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ആലങ്ങാട് ഗ്രാമ പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി പാനായിക്കുളം ധന്യ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കര്‍ഷകദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പഞ്ചായത്ത്, സഹകരണ ബാങ്ക്, കര്‍ഷകരുടെ കൂട്ടായ്മ എന്നിവ സംയുക്തമായാണ് കളമശേരി മണ്ഡലത്തിലെ കൃഷിക്കൊപ്പം കളമശേരി എന്ന ക്യാമ്പയിനു നേതൃത്വം നല്‍കുന്നത്. ഇതുവരെ 150 ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്തു. മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിപണനത്തിലൂടെയും വിളകള്‍ കേടുകൂടാതെ സംരക്ഷിക്കാനും കഴിയുന്നതിലൂടെ കൃഷിയില്‍ നിന്നും കര്‍ഷകര്‍ക്കു മികച്ച വരുമാനം നേടാനാകുമെന്നും മന്ത്രി പറഞ്ഞു.

കൃഷിദര്‍ശന്‍ പരിപാടിയുടെ പ്രചരണാര്‍ത്ഥം കര്‍ഷകരെ ഉള്‍പ്പെടുത്തി വിളംബര ജാഥയും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരെ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ആദരിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍ രാധാകൃഷ്ണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയശ്രീ ഗോപീകൃഷ്ണന്‍, ആലങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ആര്‍ ജയകൃഷ്ണന്‍, സുനി സജീവന്‍, വിന്‍സന്റ് കാരിക്കശേരി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എല്‍സി അഗസ്റ്റിന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി ജോസ്, ആത്മാ പ്രൊജക്റ്റ് ഡയറക്ടര്‍ ഷീലാ പോള്‍, കൃഷി ഓഫീസര്‍ ചിന്നു ജോസഫ് കാട്ടൂര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.