ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക ജില്ലയിൽ പ്രസിദ്ധീകരിച്ചു. ഭൂമിയുള്ള ഭവനരഹിതരായി 17190 പേരും ഭൂമിയും വീടുമില്ലാത്ത 5765 പേരുമായി ആകെ 22955 പേരാണ്  പട്ടികയിലുള്ളത്.  ഭൂമിയുള്ള ഭവനരഹിതരിൽ 15790 പേർ ഗ്രാമപഞ്ചായത്തിലും 1476 പേർ മുനിസിപ്പാലിറ്റിയിലുമാണ്. ഭൂമിയില്ലാത്ത ഭവനരഹിതരിൽ 4645 പേർ ഗ്രാമപഞ്ചായത്തിലും 1119പേർ മുനിസിപ്പാലിറ്റിയിലുമാണ്.

ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ അർഹതാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്ത് തിരുനെല്ലിയും (1096) ഏറ്റവും കുറവ് കോട്ടത്തറയും (304) ആണ്. മുനിസിപ്പാലിറ്റികളിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ അർഹരായിരിക്കുന്നത് മാനന്തവാടിയിലാണ് – 560 പേർ, കുറവ് കൽപ്പറ്റയിലാണ്- 402 പേർ.

ഓൺലൈനായി സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ പഞ്ചായത്ത് തല ഉദ്യോഗസ്ഥർ ആദ്യഘട്ട പരിശോധനയും ജില്ലാ കലക്ടർ നിയമിച്ച ഉദ്യോഗസ്ഥർ രണ്ടാംഘട്ട പരിശോധനയും കഴിഞ്ഞ് തയ്യാറാക്കിയ കരട് പട്ടികയിൽ ബ്ലോക്ക് തലത്തിൽ ഒന്നാം അപ്പീലും ജില്ലാതലത്തിൽ രണ്ടാം അപ്പീലും സ്വീകരിക്കുകയും അവ പരിശോധിച്ചു തീർപ്പാക്കുകയും ചെയ്ത ശേഷം ഈ പട്ടിക ഗ്രാമസഭയിൽ ചർച്ച ചെയ്ത് അപ്പീൽ സമർപ്പിച്ചവരിൽ പരിഗണന ലഭിച്ചിട്ടില്ലാത്തവരെ ഗ്രാമസഭയിൽ അർഹനാണെന്ന് കണ്ടെത്തിയാൽ അവരെ കൂടി ഉൾപ്പെടുത്തിയുള്ള അന്തിമ പട്ടികയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്. പൂർണ്ണമായും ഓൺലൈൻ അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഇത്തവണ ഗുണഭോക്തൃ ലിസ്റ്റ് തയ്യാറായിട്ടുള്ളത്.  വിധവകൾ, ഭിന്നശേഷിക്കാർ, മാരക രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർ, മാനസിക വെല്ലുവിളി നേരിടുന്ന ആളുകളുള്ള കുടുംബങ്ങൾ, അവിവാഹിതരായ അമ്മമാർ തുടങ്ങിയ ക്ലേശ ഘടകങ്ങൾ ഉള്ള ഗുണഭോക്താക്കൾക്കാണ് പട്ടികയിൽ മുൻഗണന ലഭിക്കുക. ഈ ലിസ്റ്റ് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പൊതുജനങ്ങൾക്ക് ഇത് പരിശോധിക്കാവുന്നതാണെന്നും ലൈഫ് മിഷൻ ജില്ലാ കോഡിനേറ്റർ അറിയിച്ചു