കൃഷിഭവന്റെയും വിവിധ ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ കര്‍ഷകദിനം വിപുലമായി ആചരിച്ചു. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ജില്ലാതല കര്‍ഷകദിന പരിപാടികള്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യമേഖലയില്‍ സ്വയംപര്യാപ്തത നേടുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കര്‍ഷകരെ ആദരിച്ചും കാര്‍ഷിക മേഖലയുടെ പ്രാധാന്യം വിശദീകരിച്ചും ജനങ്ങളെ കര്‍ഷക ആഭിമുഖ്യമുള്ള ഒരു സമൂഹമാക്കി പുനര്‍സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചു. ബോധവത്കരണ ക്ലാസ്സുകളും റാലികളും പൊതുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സരിത അധ്യക്ഷത വഹിച്ചു. ഞങ്ങളും കൃഷിയിലേക്ക് പരിപാടിയുടെ ഭാഗമായി നടന്ന തൈ നടീല്‍ ഉദ്ഘാടനം സിനിമാതാരം സുധീഷ് നിര്‍വ്വഹിച്ചു. സുധീഷ് കേളോട്ടുതാഴം എന്ന യുവ കര്‍ഷകന്റെ മച്ചക്കുളം പ്രദേശത്തുള്ള കൃഷിയിടത്തിലായിരുന്നു നടീല്‍.

ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശശിധരന്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ സിന്ധു പ്രദോഷ്, യു.പി സോമനാഥന്‍, എം.കെ ലിനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. ജയപ്രകാശ്, മീന ടി.കെ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ആര്‍ രമാദേവി, കൃഷി ഓഫീസര്‍ ടി. രൂപക്ക്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രൂപാ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.