കണിയാമ്പറ്റ: ദുരിതബാധിതരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ നിധിക്ക് രൂപം നല്‍കി. അരിമുള ശാസ്താ സ്‌പൈസസ് ഉടമകള്‍ ദുരിതാശ്വാസ നിധിയിലേക്ക് 50,001 രൂപ നല്‍കി പരിപാടിക്ക് തുടക്കം കുറിച്ചു. കേരള ഗ്രാമീണ്‍ബാങ്കിന്റെ കണിയാമ്പറ്റ ശാഖയില്‍ 40148101042623 (ഐഎഫ്എസ്‌സി – KLGB0040148) നമ്പറായി അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. തോരാത്ത പേമാരിയും വെള്ളപ്പൊക്കവും പഞ്ചായത്തിലെ ഒട്ടേറെ കുടുംബങ്ങളെയും കാര്‍ഷിക മേഖലയെയും പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ദുരിതാശ്വാസ നിധിക്ക് രൂപം നല്‍കിയതെന്നു പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ പറഞ്ഞു. ഏകദേശം 118 കുടുംബങ്ങളിലെ 310 ഓളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളും എത്തിച്ചു നല്‍കാന്‍ പഞ്ചായത്ത് ശ്രമിക്കുന്നുണ്ട്. ക്യാമ്പുകളിലെത്താതെ മറ്റു വീടുകളിലേക്ക് മാറിതാമസിച്ച കുടുംബങ്ങളില്‍ പലരുടെയും വീടും വസ്തുവകകളും പൂര്‍ണമായോ ഭാഗികമായോ നശിച്ചുകഴിഞ്ഞു. കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടവര്‍ക്കു തൊഴിലില്ലാതായി. ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളം, ഭക്ഷണസാധനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കേണ്ടതുണ്ട്. ഭരണതലങ്ങളിലെ ഇടപെടലുകളിലൂടെ ആവശ്യമായതിന്റെ ചെറിയൊരു ശതമാനം മാത്രമേ നല്‍കാന്‍ കഴിയുകയുള്ളൂ. അതിനാല്‍ പഞ്ചായത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്നും പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.
