കല്‍പ്പറ്റ: ചെന്നൈ പ്രളയത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ വിട്ടുമാറിയിട്ടില്ല ഇന്നും തമിഴ്‌നാട്ടുകാര്‍ക്ക്. അന്നു കേരളം നല്‍കിയ സഹായം മറക്കാനും കഴിഞ്ഞിട്ടില്ലെന്നു തെളിയിക്കുന്നതാണ് കേരളത്തിലെ പ്രളയബാധിത മേഖലകളിലേക്ക് തമിഴകത്തിന്റെ കൈയയച്ചുള്ള സഹായം. സേലം, ഈറോഡ് ജില്ലാ ഭരണകൂടങ്ങള്‍ ഇതിനകം തന്നെ ലക്ഷങ്ങളുടെ അവശ്യവസ്തുക്കള്‍ വയനാട്ടിലെത്തിച്ചു. സന്നദ്ധ സംഘടനകളും ക്ലബ്ബുകളും വ്യക്തികളും ഇപ്പോഴും വയനാട് കളക്ടറേറ്റിലെ ഫ്‌ളഡ് റിലീഫ് സ്റ്റോറിലേക്ക് സാധനസാമഗ്രികളുമായി എത്തിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച മാത്രം തിരുപ്പൂരില്‍ നിന്നു രണ്ടു വാഹനങ്ങള്‍ അവശ്യവസ്തുക്കളുമായെത്തി. തിരുപ്പൂര്‍ കേരള ക്ലബ്ബ് അംഗങ്ങള്‍ വലിയ കണ്ടെയ്‌നറില്‍ 15 ലക്ഷം രൂപയുടെ സാധനങ്ങളാണെത്തിച്ചത്. ബെഡ്ഷീറ്റ്-1226, ലുങ്കി-600, തോര്‍ത്ത്-1928, സാനിട്ടറി നാപ്കിന്‍-1000 പായ്ക്ക്, കുട്ടികളുടെ വസ്ത്രങ്ങള്‍-1450 തുടങ്ങി ടൂത്ത് ബ്രഷുകള്‍, കപ്പ്, പേസ്റ്റ്, പാത്രങ്ങള്‍, ബക്കറ്റുകള്‍ എന്നിവ ഇതിലുള്‍പ്പെടും. റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2015ല്‍ ആരംഭിച്ച ക്ലബ്ബില്‍ 750 അംഗങ്ങളുണ്ട്. സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷുമായി ഫോണില്‍ ബന്ധപ്പെട്ടാണ് ക്ലബ്ബിന്റെ അംഗങ്ങളടക്കം ചേര്‍ന്നു സമാഹരിച്ച വസ്തുക്കള്‍ വയനാട്ടിലെത്തിച്ചതെന്നു വൈസ് പ്രസിഡന്റ് കൃഷ്ണദാസ് പറഞ്ഞു. സെക്രട്ടറി സുരേഷ് ബാബു, വി.എന്‍ സുനില്‍കുമാര്‍, എസ്. നാസര്‍, അച്യുതരാജ്, സുനില്‍കുമാര്‍ തുടങ്ങിയവരും തിരുപ്പൂര്‍ സംഘത്തിലുണ്ടായിരുന്നു. ആര്‍. രവി പ്രസിഡന്റായുള്ള തിരുപ്പൂര്‍ ഗാന്ധിനഗര്‍ സ്റ്റേറ്റ് ബാങ്ക് കോളനി ലയണ്‍സ് ക്ലബ്ബും ദുരിതബാധിത മേഖലയില്‍ സഹായങ്ങളെത്തിച്ചു. മില്‍ക്ക് പൗഡറുകള്‍, മരുന്ന്, ലുങ്കി, ദോത്തി, സാരി, നൈറ്റി, ടി ഷര്‍ട്ട്, ഗ്രോസറി ഐറ്റംസ്, മെഴുകുതിരികള്‍, ബെഡ്ഷീറ്റുകള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും.
