ആലപ്പുഴ: സെപ്റ്റംബര്‍ നാലിന് പുന്നമടയില്‍ നടക്കുന്ന 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ നേരിട്ടുള്ള ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കമായി. സബ് കളക്ടര്‍ ഓഫീസില്‍ എ.എം. ആരിഫ് എം.പി. വ്യവസായി ഹാരിസ് രാജയ്ക്ക് നല്‍കി വില്‍പ്പന ഉദ്ഘാടനം ചെയ്തു. എ. ഉനൈസ്, സുനില്‍കുമാര്‍ എന്നിവര്‍ക്കും എം.പി. വള്ളംകളിയുടെ ടിക്കറ്റുകള്‍ നല്‍കി.

ടൂറിസ്റ്റ് ഗോള്‍ഡ് (3000 രൂപ), ടൂറിസ്റ്റ് സില്‍വര്‍ (2500 രൂപ), റോസ് കോര്‍ണര്‍ (1000 രൂപ), വിക്ടറി ലൈന്‍ (500 രൂപ), ഓള്‍ വ്യൂ (300 രൂപ), ലേക് വ്യൂ (200 രൂപ), ലോണ്‍ (100 രൂപ), എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലെ ടിക്കറ്റി നിരക്ക്. ഇന്നലെ ( 17 ഓഗസ്റ്റ്) മുതല്‍ ജില്ലയില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ടിക്കറ്റ് വില്‍പ്പനയ്ക്ക് ലഭ്യമായിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ മറ്റ് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളിലും ലഭിക്കും. ഓഫീസുകള്‍ക്കു പുറമേ ജീനി, പേറ്റിഎം ഇന്‍സൈഡര്‍, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് എന്നിവയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ടിക്കറ്റ് വില്‍പ്പനയുണ്ട്.

ചടങ്ങില്‍ എന്‍.ടി.ബി.ആര്‍. സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സൂരജ് ഷാജി, ടൂറിസം വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ അഭിലാഷ്, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിനു ബേബി, എസ്.എം. ഇഖ്ബാല്‍, ജോണി മുക്കം, റെജി ജോബ്, പി.എ. ഷെരീഫ്, കെ.ജി. വിനോദ്, പി.ഡി. സുധി തുടങ്ങിയവര്‍ പങ്കെടുത്തു.