ആലപ്പുഴ: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 3620 സംരംഭങ്ങള്‍ ആരംഭിച്ചു. ഇതുവഴി 7418 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. 184.46 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവരെ ജില്ലയില്‍ നടന്നത്.
പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഉത്പാദന,- വ്യാപാര,സേവന മേഖലകളില്‍ 9,666 പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.
ചെങ്ങന്നൂര്‍- 40.51 ശതമാനം, അമ്പലപ്പുഴ- 39.30, മാവേലിക്കര- 38.19, കാര്‍ത്തികപ്പള്ളി-37.58, ചേര്‍ത്തല- 36.21, കുട്ടനാട്- 33.33 എന്നിങ്ങനെയാണ് താലൂക്ക് തലത്തില്‍ ഇതുവരെയുള്ള പുരോഗതി.
ഒരു വര്‍ഷത്തിനകം സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പുതിയ സംരംഭങ്ങള്‍ ആരംഭിച്ച് അഞ്ചു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് ലക്ഷ്യമിടുന്നതാണ് പദ്ധതി.
പ്ലാനിംഗ്, സഹകരണം, പഞ്ചായത്ത്, തൊഴില്‍, ധനകാര്യം, കൃഷി, ഫിഷറീസ്, ടൂറിസം തുടങ്ങിയ വകുപ്പുകളുടെയും ലീഡ് ബാങ്ക്, കുടുംബശ്രീ തുടങ്ങിയവയുടെയും സഹകരണത്തോടെ വ്യവസായ വാണിജ്യ വകുപ്പാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
പദ്ധതി വിജയകരമായി നടത്തുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ വ്യവസായ വകുപ്പിനു കീഴിലുള്ള 86 ഇന്‍റെണുകളുടെ സേവനം തദ്ദേശസ്ഥാപനാടിസ്ഥാനത്തില്‍ ലഭ്യമാക്കും. സംരംഭകത്വത്തിലേക്ക് കടന്നു വരുന്നവരെ സഹായിക്കുന്നതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌ക് തുറന്നിട്ടുണ്ട്.
കൂടുതല്‍ പേരെ പദ്ധതിയുടെ ഭാഗമാക്കുന്നതിനായി വരും ദിവസങ്ങളില്‍ ലോണ്‍, ലൈസന്‍സ്, സബ്സിഡി മേളകളും നടത്തും.
- കള്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍, മാനേജര്‍മാരായ എ. അഭിലാഷ്, എം. പ്രവീണ്‍, ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.