പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ഓഗസ്റ്റ് 20, 21, 22 തീയതികളില്‍ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പ്രശസ്ത എഴുത്തുകാരന്‍ വൈശാഖന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പ്രസിഡന്റ് ടി.കെ. നാരായണദാസ് അധ്യക്ഷനാകും. മുണ്ടൂര്‍ സേതുമാധവന്‍ മുഖ്യാതിഥിയാവും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം വി.കെ. ജയപ്രകാശ്, ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, വി.കെ. ചന്ദ്രന്‍, ടി.ആര്‍. അജയന്‍, ഡോ. സി.പി. ചിത്രഭാനു, രഘുനാഥ് പറളി, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം എന്നിവര്‍ പങ്കെടുക്കും. ജില്ലാ സെക്രട്ടറി പി.എന്‍. മോഹന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.എം.എ. ബക്കര്‍ നന്ദിയും പറയും.
പുസ്തകോത്സവത്തില്‍ കേരളത്തിലെ പ്രശസ്തരായ അറുപതോളം പ്രസാധകരുടെ നൂറിലധികം സ്റ്റാളുകള്‍ ഉണ്ടാകും. ലൈബ്രറികള്‍ക്കും സ്‌കൂള്‍, കോളെജ് സ്ഥാപനങ്ങള്‍ക്കും 33.33 ശതമാനവും ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്ക് 20 ശതമാനം കമ്മീഷനും ഉണ്ടായിരിക്കും.
ജില്ലയിലെ 550ല്‍ അധികം ഗ്രന്ഥശാലകള്‍ക്ക് ഗ്രാന്റ് ഉപയോഗിച്ച് പുതുതായി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഏഴ് വരെ പുസ്തകങ്ങള്‍ വാങ്ങാം. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.