‘ശുചിത്വം സഹകരണം’പദ്ധതിക്ക് സംസ്ഥാനത്തു തുടക്കം

കോട്ടയം: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന മലയാളിയുടെ ശീലം മാറണമെന്നും പുതിയ മാലിന്യ നിർമ്മാർജ്ജന – ശുചിത്വ സംസ്ക്കാരം രൂപപ്പെടണമെന്നും സഹകരണ- സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. അങ്കണവാടി മുതൽ എൽ.പി സ്‌കൂൾ തലം വരെയുള്ള കുട്ടികളിൽ മാലിന്യ സംസ്‌കരണശീലം വളർത്തുന്നതിനായി സഹകരണ വകുപ്പ് നടപ്പാക്കുന്ന ‘ശുചിത്വം സഹകരണം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം തിരുവാർപ്പ് കിളിരൂർ സെന്റ് ഫ്രാൻസിസ് ഡി സാലസ് ചർച്ച് പാരീഷ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

നാടിനെ പുരോഗതിയിലേക്ക് നയിക്കുന്ന മുഖ്യഘടകമാണ് ശുചിത്വം. മാലിന്യം ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കുന്ന ശീലം വളരണം. കുട്ടികളിലൂടെയടക്കം പുതിയ ശുചിത്വ സംസ്കാരം വളർത്തിയെടുക്കുകയാണ് ശുചിത്വം സഹകരണം പദ്ധതിയുടെ ലക്ഷ്യം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും ഒരുമിച്ചു പ്രവർത്തിച്ചാൽ നാട്ടിൽ വലിയ മാറ്റം വരുത്താനാകും. ഈ നിലയിൽ സഹകരണ സംഘങ്ങളുടെ വ്യാപ്തി വർധിപ്പിക്കാനും ഇതിലൂടെ നാടിൻ്റെ സാമ്പത്തിക-സാമൂഹിക വളർച്ചയ്ക്കും പുരോഗതിക്കും സഹായകമായി സംഘങ്ങൾക്ക് പ്രവർത്തിക്കാനും കഴിയുംവിധം സഹകരണ നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു.

ശുചിത്വം സഹകരണം ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു.
സഹകരണ രജിസ്ട്രാർ അലക്‌സ് വർഗീസ് തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോനു നൽകി പരിശീലന കൈപുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ചു.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ അംഗം കെ.എം. രാധാകൃഷ്ണൻ, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ എൻ. വിജയകുമാർ, സഹകരണ സംഘം ഓഡിറ്റ് ജോയിന്റ് ഡയറക്ടർ എസ്. ജയശ്രീ, തദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബെവിൻ ജോൺ, മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ, ചെങ്ങളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം. കമലാസനൻ, കാഞ്ഞിരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം. മണി, തിരുവാർപ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ് ബഷീർ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ഏറ്റുമാനൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജെസി നൈനാൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.ആർ. അജയ്, പി.എസ്. ഷീനമോൾ, ഫോബ്‌സ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് രാജീവ് ജോർജ്, ഇ-നാട് യുവജന സഹകരണ സംഘം പ്രസിഡന്റ് സജേഷ് ശശി എന്നിവർ പ്രസംഗിച്ചു.

വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്ന ‘ഹരിതം സഹകരണം’ പദ്ധതിയുടെ തുടർച്ചയായി ഇ-നാട് സഹകരണ സംഘവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.