സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന ഓണക്കിറ്റ് തയാറാക്കൽ-വിതരണ പ്രവൃത്തികൾ സഹകരണ-സംസ്‌കാരിക വകുപ്പുമന്ത്രി വി.എൻ. വാസവൻ വിലയിരുത്തി. ഏറ്റുമാനൂരിലെ വ്യാപാരിഭവനോടു ചേർന്നുള്ള സപ്ലൈകോ പാക്കിങ് കേന്ദ്രത്തിലെത്തിയ മന്ത്രി ഓണക്കിറ്റ് തയാറാക്കൽ പ്രവർത്തനങ്ങൾ വിലയിരുത്തി.
ജില്ലയിലെ 4,98,280 റേഷൻ കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റുകളാണ് വിവിധ പാക്കിങ് കേന്ദ്രങ്ങളിൽ തയാറാകുന്നത്. പാലാ, വൈക്കം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, തൊടുപുഴ ഡിപ്പോകൾക്കു കീഴിലുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റുകളോടും ചില്ലറ വിൽപ്പനകേന്ദ്രങ്ങളോടും ചേർന്നുള്ള കേന്ദ്രങ്ങളിലാണ് ഓണക്കിറ്റുകൾ തയാറാക്കുന്നത്. ഏറ്റുമാനൂർ നഗരസഭാംഗം ഇ.എസ്. ബിജു മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കിറ്റ് വിതരണം ഓഗസ്റ്റ് 22ന് ആരംഭിക്കും. ഓഗസ്റ്റ് 22 മുതൽ 24 വരെ എ.എ.വൈ. (മഞ്ഞ കാർഡ്), 25 മുതൽ 27 വരെ മുൻഗണന വിഭാഗം(പിങ്ക് കാർഡ്), 29 മുതൽ 31 വരെ പൊതുവിഭാഗം സബ്സിഡി (നീല കാർഡ്), സെപ്റ്റംബർ ഒന്നു മുതൽ മൂന്നു വരെ പൊതുവിഭാഗം (വെള്ള കാർഡ്), സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ മറ്റുള്ളവർക്കും കിറ്റ് വിതരണം ചെയ്യുമെന്ന് സപ്ലൈകോ റീജണൽ മാനേജർ സുൾഫിക്കർ പറഞ്ഞു.

ഓണക്കിറ്റിലുള്ളത് 14 ഇനം

പഞ്ചസാര ഒരു കിലോ
വെളിച്ചെണ്ണ അരക്കിലോ
ചെറുപയർ 500 ഗ്രാം
പരിപ്പ് 250 ഗ്രാം
തേയിലപ്പൊടി 100 ഗ്രാം
മുളകുപൊടി 100 ഗ്രാം
ഉപ്പ് ഒരു കിലോ
മഞ്ഞൾപൊടി 100 ഗ്രാം
ഉണക്കലരി 500 ഗ്രാം
കശുവണ്ടിപരിപ്പ് 50 ഗ്രാം
ഏലയ്ക്കാ 20 ഗ്രാം
നെയ്യ് 50 മില്ലി
ശർക്കര വരട്ടി/എത്തയ്ക്കാ ഉപ്പേരി 100 ഗ്രാം
തുണി സഞ്ചി