ചേരാനെല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനായി ഒരുക്കുന്ന ജലവിതരണ സംവിധാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ജല വിതരണ സംവിധാനത്തിന്റെ ഭാഗമായി ചേരാനെല്ലൂര്‍ പഞ്ചായത്തിന്റെയും കൊച്ചി നഗരസഭയുടെയും അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന വാട്ടര്‍ ടാങ്ക് നിര്‍മാണം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. വാട്ടര്‍ ടാങ്കിലേക്കു കൂടുതല്‍ ജലമെത്തിക്കാനുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികളും പൂര്‍ത്തീകരിച്ചു. നിലവില്‍ ടാങ്കിന്റെ ബല പരിശോധന നടക്കുകയാണ്.
15 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്കാണ് ജല വിതരണ സംവിധാനത്തിന്റെ ഭാഗമായി ഒരുക്കുന്നത്. 7.75 കോടി രൂപയാണു പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്. ഉപരിതല വാട്ടര്‍ ടാങ്കിനു പുറമെ രണ്ടു ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഭൂതല വാട്ടര്‍ ടാങ്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ആലുവ-തമ്മനം 1200 എം.എം പൈപ്പില്‍ നിന്നായിരിക്കും വാട്ടര്‍ ടാങ്കിലേക്കു വെള്ളമെത്തിക്കുന്നത്. ഇതിനായുള്ള പൈപ്പുകള്‍ സ്ഥാപിച്ചു. പൈപ്പുകളിലൂടെ വെള്ളം കടത്തിവിട്ടു പൈപ്പിന്റെ ശേഷി പരിശോധിക്കുന്ന പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്. എറണാകുളം നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലെ ജല ദൗര്‍ലഭ്യത്തിനു ശാശ്വത പരിഹാരം കാണാന്‍ ഈ പദ്ധതി വഴി സാധ്യമാകുമെന്നാണു പ്രതീക്ഷ