സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച അഭയ ചാരിറ്റബിള്‍ സൊസൈറ്റിയ്ക്ക് കീഴിലുള്ള പനമരം അഞ്ചാം മൈലിലെ തണല്‍ വൃദ്ധസദനം അടപ്പിച്ചതായി ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് നിയമപ്രകാരം നല്‍കേണ്ട സൗകര്യങ്ങള്‍ ഇല്ലാതെയും, അന്തേവാസികളുടെ ആരോഗ്യത്തിനും ജീവനും ഹാനികരമായ വിധത്തിലുമാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. കെയര്‍ ടേക്കര്‍, നഴ്‌സ്, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരുടെ സേവനവും ഇവിടെ ലഭ്യമായിരുന്നില്ല. കൃത്യമായ രജിസ്റ്ററുകളും രേഖകളും സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്നില്ല. സ്വന്തം ഭൂമിയിലോ കെട്ടിടത്തിലോ അല്ലാതെയാണ് വൃദ്ധസദനം പ്രവര്‍ത്തിച്ചിരുന്നത്. ഈ സ്ഥാപനത്തിലുണ്ടായിരുന്ന 3 താമസക്കാരെ നടവയല്‍ ഓസാനം ഭവന്‍ എന്ന സ്ഥാപനത്തിലേക്കും 4 പേരെ കാട്ടിക്കുളം കരുണാ ഭവന്‍ എന്ന സ്ഥാപനത്തിലേക്കും മാറ്റിപാര്‍പ്പിച്ചു. ഒരാളുടെ സംരക്ഷണം സ്വന്തം കുടുംബം ഏറ്റെടുത്തു.