*തിരുവനന്തപുരത്തും എറണാകുളത്തും, കോഴിക്കോടും മെട്രോ ഫെയർ

ഈ വർഷത്തെ ഓണക്കിറ്റുകൾ എല്ലാ റേഷൻ കാർഡ് ഉപഭോക്താക്കൾക്കും ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 7 വരെ വിതരണം ചെയ്യുമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓഗസ്റ്റ് 22 ന് വൈകിട്ട് നാലിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിക്കും. ജില്ലാ കേന്ദ്രങ്ങളിലെ വിതരണോദ്ഘാടനം തുടർന്ന് അതാത് ജില്ലകളിൽ നടക്കും. സംസ്ഥാനത്തെ 1400 ൽപരം പാക്കിംഗ് കേന്ദ്രങ്ങളിൽ കിറ്റ് തയ്യാറാക്കൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ വരെ 57 ലക്ഷം കിറ്റുകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്.
ഓഗസ്റ്റ് 23, 24 തീയതികളിൽ എ.എ.വൈ (മഞ്ഞ കാർഡ്) കാർഡ് ഉടമകൾക്കും 25, 26, 27 തീയതികളിൽ പി.എച്ച്.എച്ച് (പിങ്ക്) കാർഡുകാർക്കും 29, 30, 31 തീയതികളിൽ എൻ.പി.എസ് (നീല) കാർഡുകാർക്കും സെപ്റ്റംബർ 1, 2, 3 തീയതികളിൽ എൻ.പി.എൻ.എസ് (വെള്ള) കാർഡുടമകൾക്കും ഓണക്കിറ്റ് വിതരണം ചെയ്യും. ഈ ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ സാധിക്കാതെ വരുന്ന എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട കാർഡുടമകൾക്കും സെപ്റ്റംബർ 4 മുതൽ 7 വരെ തീയതികളിൽ കിറ്റ് വാങ്ങാം. സെപ്റ്റംബർ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
87 ലക്ഷം റേഷൻ ഉപഭോക്താക്കൾ കിറ്റ് കൈപ്പറ്റുമെന്നാണ് കണക്കുകൂട്ടുന്നത്. 425 കോടി രൂപയാണ് ഓണക്കിറ്റ് ഇനത്തിൽ സർക്കാർ വകയിരുത്തിയിട്ടുള്ളത്. റേഷൻ കാർഡുടമകൾ അവരവരുടെ റേഷൻ കടകളിൽ നിന്ന് തന്നെ കിറ്റ് വാങ്ങണമെന്ന് മന്ത്രി അഭ്യർഥിച്ചു. ഉന്നത ഗുണനിലവാരമുള്ള സാധനങ്ങളാണ് കിറ്റിൽ ലഭ്യമാക്കിയിട്ടുള്ളത്.
സംസ്ഥാനത്തെ 890 ക്ഷേമസ്ഥാപനങ്ങളിലെ 37,634 പേർക്കുള്ള കിറ്റ് വിതരണവും ഒപ്പം നടക്കും. ഇവർക്കുള്ള കിറ്റുകൾ വാതിൽപ്പടിയായി വിതരണം ചെയ്യും. കേരളത്തിലെ 119 ആദിവാസി ഊരുകളിലും കിറ്റ് വീട്ടുപടിക്കൽ വിതരണം ചെയ്യും. ആദിവാസി വിഭാഗക്കാർ കിറ്റ് വാങ്ങാൻ റേഷൻ കടകളിൽ വരേണ്ടതില്ല.
14 ഇനങ്ങളാണ് കിറ്റിലുള്ളത്. 500 ഗ്രാം വീതം വെളിച്ചെണ്ണ, ഉണക്കലരി, ചെറുപയർ, 250 ഗ്രാം തുവരപരിപ്പ്, 100 ഗ്രാം വീതം മുളക്‌പൊടി, മഞ്ഞൾപ്പൊടി, തേയില, ശർക്കരവരട്ടി /ചിപ്‌സ്, ഒരു കിലോ വീതം പഞ്ചസാര, പൊടിയുപ്പ്, 50 ഗ്രാം വീതം കശുവണ്ടിപ്പരിപ്പ്, നെയ്യ്, 20 ഗ്രാം ഏലയ്ക്ക, ഒരു തുണിസഞ്ചി എന്നിവയാണുള്ളത്. കുടുംബശ്രീ ഉൾപ്പെടെയുള്ള വനിതാ കൂട്ടായ്മകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഇടത്തരം വ്യവസായ യൂനിറ്റുകൾ എന്നിവർക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് കിറ്റിലെ സാധനങ്ങൾ തീരുമാനിച്ചിട്ടുള്ളത്. നെയ്യ് മിൽമയുടേതും അണ്ടിപ്പരിപ്പ് കാപെക്‌സ് മുഖേനയും ഏലയ്ക്ക റെയ്ഡ്‌കോ വഴി ഇടുക്കിയിലെ ഏലം കർഷകരിൽ നിന്നും ശർക്കരവരട്ടിയും സഞ്ചിയും കുടുംബശ്രീ മുഖേനയുമാണ് ലഭ്യമാക്കിയിട്ടുള്ളത്.