പീഡനത്തിനിരയാകുന്ന കുട്ടികളുടെ അന്തസിനെ ഹനിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും പോക്സോ കേസുകളിലെ അതിജീവിതര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും ബാലാവകാശ കമ്മിഷന്‍ അംഗം സി. വിജയകുമാര്‍ പറഞ്ഞു. ജില്ലയിലെ പോക്സോ കേസുകള്‍ സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പോക്സോ കേസുകളില്‍ കൃത്യമായി ബോധവത്കരണം നല്‍കുകയാണ് കമ്മിഷന്‍ ലക്ഷ്യമിടുന്നതെന്നും കുട്ടികള്‍ സുരക്ഷിതരായിരിക്കുന്നതിന് വലിയ രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി. പോക്‌സോ കോടതികള്‍ കൂടുതല്‍ ബാലസൗഹാര്‍ദപരമാക്കാനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. ജില്ലാ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തിലൊരിക്കല്‍ ശിശുസംരക്ഷണ സമിതി യോഗം ചേരണം.
ബാലാവകാശം സംബന്ധിച്ച നിയമങ്ങളില്‍ വ്യക്തതയുണ്ടാവാന്‍ അധ്യാപകര്‍ക്ക് ബോധവത്കരണ ക്ലാസുകളും കൈപ്പുസ്തകവും നല്‍കും. പോക്‌സോ കേസുകളില്‍ ഇടപെടുമ്പോള്‍ അവലംബിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് നേരത്തേ തന്നെ നല്‍കിയിട്ടുണ്ട്.  ജില്ലയില്‍ മെന്റല്‍ ഹെല്‍ത്ത് ഹോം, ഗേള്‍സ് ഹോം എന്നിവ സ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും യോഗത്തില്‍ കമ്മിഷന്‍ അംഗങ്ങള്‍ അറിയിച്ചു. പോക്‌സോ കേസുകളില്‍ പോലീസിന് കൂടുതല്‍ കരുതല്‍ വേണമെന്ന് കമ്മിഷന്‍ അംഗം അഡ്വ. ബി. ബബിത യോഗത്തില്‍ പറഞ്ഞു. പോക്‌സോ കേസുകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഇടപെടല്‍ നടത്തുന്നുണ്ട്. എങ്കിലും പോലീസും ഡോക്ടര്‍മാരും അതിജീവിതരോട് കൂടുതല്‍ കാരുണ്യപൂര്‍വം പെരുമാറണം. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ബാലാവകാശം, ലൈംഗിക വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും എക്സൈസ്-പോലീസ്-ആരോഗ്യം-വിദ്യാഭ്യാസം എന്നീ വകുപ്പുകള്‍ സംയോജിച്ച് ലഹരിക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്നും കമ്മിഷന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ബന്ധപ്പെട്ട വിഷയങ്ങളില്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കമ്മിഷന്‍ അംഗങ്ങള്‍ യോഗത്തില്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം. കെ. മണികണ്ഠന്‍, ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി വി.ജി. അനുപമ, ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസര്‍ എസ്. ശുഭ, സി.ഡബ്ല്യു.സി. ചെയര്‍മാന്‍ എം.വി. മോഹനന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.