കേരള പബ്ലിക് സർവീസ് കമ്മിഷൻ ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് സമഗ്രമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നത് കേരള നിയമ പരിഷ്‌ക്കരണ കമ്മിഷനെ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് സർവീസ് സംഘടനകളിൽ നിന്നും പട്ടികജാതി/ പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നും, പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ശേഖരിക്കുന്നു. 2022 സെപ്റ്റംബർ ഒന്നിന് രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വച്ചാണ് പബ്ലിക് ഹിയറിംഗ്. ഈ വിഷയവുമായി ബന്ധപ്പെട്ട് എല്ലാവർക്കും അന്നേ ദിവസം ഹിയറിംഗിൽ പങ്കെടുത്ത് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നേരിട്ടും തപാൽ മുഖേന സെക്രട്ടറി, കേരള നിയമ പരിഷ്‌ക്കരണ കമ്മിഷൻ, റ്റി.സി. നമ്പർ 25/2450, മൂന്നാം നില, സി.എസ്.ഐ ബിൽഡിംഗ്, പുത്തൻചന്ത, തിരുവനന്തപുരം 695001 എന്ന ഓഫീസ് അഡ്രസിലും സമർപ്പിക്കാം.

മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്ന നിയമന ശുപാർശ ലഭിക്കാൻ സാധ്യതയുള്ള ഉദ്യോഗാർഥികളുടെ അഞ്ച് ഇരട്ടി എണ്ണം പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപാദിക്കുന്ന 1958 ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളിലെ ചട്ടങ്ങൾ 14 (ഇ), 15 എന്നീ ചട്ടങ്ങളും അനുബന്ധ വിഷയങ്ങളും സമഗ്രമായി പഠിച്ച് റിപ്പോർട്ട് നൽകാനാണ് നിയമ പരിഷ്‌ക്കരണ കമ്മിഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.