കോവിഡിന് ശേഷമുള്ള ആദ്യ ഓണാഘോഷം അവിസ്മരണീയമാക്കാന്‍ തൃശൂര്‍. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കും. പ്രധാന വേദിയായ തേക്കിന്‍കാടും പരിസരപ്രദേശങ്ങളും അലങ്കരിക്കും. എല്ലാ ദിവസവും കലാപരിപാടികള്‍ അരങ്ങേറും.

ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. ജില്ലാ കേന്ദ്രത്തിലെ ആഘോഷത്തിനുപുറമെ ജില്ലയിലെ ചാവക്കാട്, കലശമല, വാഴാനി, തുമ്പൂര്‍മൂഴി, പീച്ചി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലും പ്രാദേശികമായി ആഘോഷങ്ങള്‍ നടക്കുമെന്ന് മന്ത്രി പറഞ്ഞു. ഇവിടങ്ങളില്‍ പ്രാദേശിക സംഘാടക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

ഓണാഘോഷം വിജയിപ്പിക്കുന്നതിനായി ജില്ലയിലെ മന്ത്രിമാര്‍, മേയര്‍, എംപിമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ മുഖ്യരക്ഷാധികാരികളായും ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ജനറല്‍ കണ്‍വീനര്‍ ആയും സംഘാടക സമിതി രൂപീകരിച്ചു. എംഎല്‍എമാര്‍ ചെയര്‍മാന്‍മാരായി 10 സബ്കമ്മിറ്റികളും രൂപീകരിച്ചു.

ടൗണ്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷനായി. എംഎല്‍എമാരായ പി ബാലചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ ശിഖ സുരേന്ദ്രന്‍, ഡിടിപിസി സെക്രട്ടറി ജോബി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍മാരായി എംഎല്‍എമാരായ എ സി മൊയ്തീന്‍ (പ്രോഗ്രാം), പി ബാലചന്ദ്രന്‍ (ഫിനാന്‍സ്), കെ കെ രാമചന്ദ്രന്‍ (ലൈറ്റ് ആന്‍ഡ് സൗണ്ട്), മുരളി പെരുനെല്ലി (റിസപ്ഷന്‍), ടൈസണ്‍ മാസ്റ്റര്‍ (പബ്ലിസിറ്റി), സനീഷ്‌കുമാര്‍ ജോസഫ് (സ്റ്റേജ്), സി സി മുകുന്ദന്‍ (വോളന്റിയര്‍), സേവ്യര്‍ ചിറ്റിലപ്പിള്ളി (ദീപാലങ്കാരം), വി ആര്‍ സുനില്‍കുമാര്‍ (ഗതാഗതം), എന്‍ കെ അക്ബര്‍ (മെഡിക്കല്‍) എന്നിവരെ യോഗം തീരുമാനിച്ചു.